വിഴിഞ്ഞത്തെ സായാഹ്ന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ആറംഗം കുടുംബത്തിലെ രണ്ടുപേർക്ക് ദാരുണാന്ത്യം

തിരുവനന്തപുരം വിഴിഞ്ഞത്തെ സായാഹ്ന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ആറംഗം കുടുംബത്തിലെ രണ്ടുപേർക്ക് ദാരുണാന്ത്യം. രണ്ട് പേർ ചികിത്സയിലാണ്. കുടുംബത്തോടൊപ്പം കഴിഞ്ഞ ദിവസം സീ ഫുഡ് കഴിക്കാനെത്തിയ കൊല്ലം നിലമേൽ പ്ലാച്ചിക്കോട് സ്വദേശികളായ ഷാജി (48), ഭാര്യയുടെ അമ്മയായ റഷീദാ ബീവി(58) എന്നിവരാണ് മരിച്ചത്. ഷാജിയുടെ ഭാര്യ സജീന പാരിപ്പള്ളി ആശുപത്രിയിലെ ഐസിയുവിൽ ഗുരുതരാവസ്ഥയിലാണ്. ഇവർക്കൊപ്പം ഭക്ഷണം കഴിച്ച കുട്ടികളടക്കം മൂന്ന് പേർക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് വിവരം. മരണത്തിന് കാരണം അലർജിയാണെന്നാണ് ഡോക്ടർമാരിൽ നിന്നും ലഭിക്കുന്ന പ്രാഥമിക സൂചന. ഭക്ഷ്യവിഷബാധയെന്നത് പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലേ സ്ഥിരീകരിക്കാനാകൂ എന്നാണ് വിഴിഞ്ഞം പോലീസ് വിശദമാക്കുന്നത്.




