മരണത്തെ തോൽപ്പിച്ച് അഞ്ചു കുരുന്നുകളിലൂടെ ആലിൻ ഇനി വളരും.. സംസ്ഥാനത്തിത് പുതു ചരിത്രം

വിധി കവർന്നെടുത്ത പത്ത് മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം ഇനി അഞ്ച് കുരുന്നുകളിലൂടെ ജീവിതം തുടരും. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും കുറഞ്ഞ പ്രായത്തിലുള്ള ഒരു കുഞ്ഞിൻ്റെ അവയവങ്ങൾ ദാനം ചെയ്യുന്നത്. എറണാകുളം അമൃത ആശുപത്രിയിൽ നിന്ന് പുറപ്പെട്ട ആംബുലൻസ് മൂന്ന് മണിക്കൂർ കൊണ്ട് തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിൽ അവയവങ്ങൾ എത്തിച്ചു.
ആലിന്റെ കരൾ കിംസ് ആശുപത്രിയിൽ ചികിത്സയിലുള്ള ആറ് മാസം പ്രായമുള്ള കുഞ്ഞിന് നൽകും. രണ്ട് വൃക്കകളും തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വിഭാഗത്തിൽ ചികിത്സയിലുള്ള കുട്ടിയ്ക്ക് നൽകും. ഹൃദയ വാൽവ് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് എത്തിക്കും. കൊച്ചിയിൽ നിന്ന് തിരുവനന്തപുരം വരെ പോലീസിൻ്റെ സഹായത്തോടെ ഗ്രീൻ കോറിഡോർ ഒരുക്കിയായിരുന്നു ആംബുലൻസിൻ്റെ സഞ്ചാരം.
കോട്ടയം മെഡിക്കൽ കോളേജിൽ വെച്ച് ഔദ്യോഗിക ബഹുമതികളോടെ (ഗാർഡ് ഓഫ് ഓണർ) മൃതദേഹത്തോട് ആശുപത്രി അധികൃതർ ആദരവ് പ്രകടിപ്പിച്ചു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ ആലിൻ്റെ കുടുംബം വലിയൊരു ദുരന്തത്തിനിടയിലും എടുത്ത തീരുമാനം കേരളത്തിന് മാതൃകയാണ്. മസ്തിഷ്ക മരണം സംഭവിച്ച തങ്ങളുടെ കുഞ്ഞ് മറ്റുള്ളവരിലൂടെ ജീവിക്കുമെന്ന ആശ്വാസത്തിലാണ് ആലിൻ്റെ മുത്തച്ഛൻ റെജി സാമുവൽ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ. കോട്ടയം പള്ളത്ത് വെച്ചുണ്ടായ വാഹനാപകടമാണ് കുഞ്ഞിൻ്റെ ജീവനെടുത്തത്.



