ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി കാട്ടുപന്നിയുടെ ആക്രമണം; ഗുരുതര പരിക്കേറ്റ തോട്ടം തൊഴിലാളി മരിച്ചു

കൊല്ലം പുനലൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ തോട്ടം തൊഴിലാളിയാണ് കൊല്ലപ്പെട്ടത്. പുനലൂർ ചാലിയക്കര ഉപ്പുക്കുഴി എസ്റ്റേറ്റിലെ തോട്ടം തൊഴിലാളിയായ രഘുനാഥ(55)നാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ജോലി സ്ഥലത്ത് നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് രഘുനാഥനെ കാട്ടുപന്നി ആക്രമിച്ചത്. പന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ രഘുനാഥനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം കുടുംബത്തിന് വിട്ടുനൽകും.




