വാലന്റൈൻസ് ഡേ ആഘോഷത്തിനിടെ അക്രമം; പോലീസ് കേസെടുത്തു

വാലൻ്റൈൻസ് ഡേ ആഘോഷത്തിനിടെ ബജ്രംഗ്ദൾ അക്രമം. കോളേജിൽ ഒരുക്കിയ വേദി ബജ്രംഗ്ദൾ പ്രവർത്തകർ തകർത്തു. മധ്യപ്രദേശിലെ ഇൻഡോറിലെ കോളേജിലാണ് സംഭവം. വിദ്യാർത്ഥികളെ കയ്യേറ്റം ചെയ്തെന്നും പരാതിയുണ്ട്. പോലീസ് കേസ് എടുത്തു. ഇൻഡോറിലുള്ള നർസി മോൻജി കോളേജിൽ സംഘടിപ്പിച്ച വാലന്റൈൻസ് ഡേ പരിപാടിയാണ് ബജ്രംഗ്ദൾ പ്രവർത്തകർ തടസ്സപ്പെടുത്തിയത്. കാമ്പസിനുള്ളിൽ അതിക്രമം നടത്തുകയും ചെയ്തു. കോളേജ് പരിസരത്ത് വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തുകൊണ്ടിരിക്കെയാണ് ഒരുകൂട്ടം ആളുകൾ അതിക്രമിച്ചു കയറി അക്രമം അഴിച്ചുവിട്ടതെന്ന് പോലീസ് പറഞ്ഞു. കാമ്പസിനുള്ളിലെ വസ്തുവകകൾ നശിപ്പിക്കുകയും, സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
വാലന്റൈൻസ് ഡേ പ്രോഗ്രാം നടന്നു കൊണ്ടിരിക്കെ ഹിന്ദുത്വ സംഘടന കാമ്പസിനുള്ളിൽ അതിക്രമം നടത്തുകയായിരുന്നുവെന്ന് ഡിസിപി കൃഷ്ണ ലാൽചന്ദാനി പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു. വിദ്യാർത്ഥികൾ സുരക്ഷിതരാണ്. കോളേജ് അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ വാലൻ്റൈൻസ് ഡേ ആഘോഷങ്ങൾക്കെതിരെ പട്മനയിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു. ഹിന്ദു ശിവഭവാനി സേനയുടെ പേരിലാണ് പോസ്റ്റർ വന്നത്. ആഘോഷിക്കാൻ കമിതാക്കളെ ഒന്നിച്ചു കണ്ടാൽ ആക്രമിക്കുമെന്നാണ് പോസ്റ്ററിലുള്ളത്.




