ബിജെപി കേരളം ഭരിച്ചിട്ടില്ല; കേരളം ഭരിച്ചവരാണ് കൊള്ളയ്ക്ക് ഉത്തരവാദി, രാജീവ് ചന്ദ്രശേഖർ

ബിജെപി നേതാക്കൾക്കൊപ്പമുള്ള പോറ്റിയുടെ ചിത്രം പുറത്തുവന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് തലച്ചോർ ഉപയോഗിക്കൂ എന്ന് മറുപടി നൽകി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വേണ്ടാത്തത് പറയരുതെന്നും , കള്ളൻ പോറ്റിക്ക് പിന്തുണ നൽകിയത് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി കേരളം ഭരിച്ചിട്ടില്ല. കേരളം ഭരിച്ചവരാണ് കൊള്ളയ്ക്ക് ഉത്തരവാദിയെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
ശബരിമല സ‍്വര്‍ണക്കൊള്ള അന്വേഷണത്തിന് വിജിലൻസ് വന്നിട്ടും കാര്യമില്ലെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.ഒക്ടോബർ 3ന് പറഞ്ഞത് ആവർത്തിക്കുന്നു.കേരളത്തിൽ രണ്ട് പാർട്ടികളും തമ്മിൽ അന്തർധാരയുണ്ട്.ആരാണ് കുറ്റക്കാരൻ എന്ന് കണ്ടുപിടിക്കാൻ രണ്ടുപേർക്കും താല്പര്യമില്ല.കള്ളൻ പോറ്റി സോണിയുടെ ആളാണെന്ന് ഒരാൾ പറയുന്നു.പിണറായിയുടെ ആളാണെന്ന് മറ്റൊരാൾ പറയുന്നു.യഥാർത്ഥത്തിൽ പോറ്റിയെ സഹായിച്ചത് ആരെന്ന് കണ്ടുപിടിക്കാൻ ആർക്കും താല്പര്യമില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഇന്നാണ് ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബിജെപി നേതാക്കളുമായി അടുത്ത ബന്ധം ഉണ്ടെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ചത്. കർണാടക മുൻ മുഖ്യമന്ത്രി സദാനന്ദ ഗൗഡയും ഉപമുഖ്യമന്ത്രിയായിരുന്ന അശ്വന്ത് നാരായണനും ഉണ്ണികൃഷ്ണൺ പോറ്റിക്കൊപ്പം പരിപാടിയിൽ പങ്കെടുത്തത്തിന്‍റെ ദൃശ്യങ്ങളാണ് ലഭിച്ചത്.




