ഒരു കൗതുകം എന്ന നിലയിൽ പറഞ്ഞതാണ്; മുഖ്യമന്ത്രിയുടെ മത്സ്യ വിഭവത്തെ കുറിച്ചുള്ള പരാമർശത്തിൽ പ്രതികരണവുമായി ,സി ദിവാകരൻ

പിണറായി വിജയൻ്റെ മത്സ്യ വിഭവത്തെ കുറിച്ചുള്ള പരാമർശത്തിൽ പ്രതികരണവുമായി സിപിഐ നേതാവ് സി ദിവാകരൻ. തന്റെ അനുഭവമാണ് പറഞ്ഞതെന്നും,  ഒരു കൗതുകം എന്ന നിലയിൽ പറഞ്ഞതാണെന്നും സി ദിവാകരൻ പറഞ്ഞു. അത് ഇത്ര വിവാദം ആക്കേണ്ട കാര്യമില്ലെന്നും,  ആനത്തലവട്ടത്തിന്റെ മകന്റെ പോസ്റ്റ്‌ കണ്ടില്ലെന്നും സി ദിവാകരൻ മാധ്യമങ്ങളോട് പറഞ്ഞു. പരാമർശം വിവാദമായതോടെയാണ് പ്രതികരണവുമായി ദിവാകരൻ രം​ഗത്തെത്തിയത്. 

പിണറായി വിജയൻ ആനത്തലവട്ടം ആനന്ദന്റെ വീട്ടിൽ ഭക്ഷണം കഴിയ്ക്കാൻ പോയത് സംബന്ധിച്ചായിരുന്നു ദിവാകരൻ്റെ വിവാദ പ്രസ്താവന. ആനത്തലവട്ടം ആനന്ദൻ വിഎസ് പക്ഷക്കാരനായതിനാൽ അദ്ദേഹത്തിന്റെ വീട്ടിൽനിന്ന് പിണറായിക്ക് ഭക്ഷണം കഴിയ്ക്കാൻ താൽപര്യമുണ്ടായിരുന്നില്ലെന്നും,  കഴിക്കാൻ നൽകിയ ചൂരമീൻ ഇഷ്ടപ്പെട്ടില്ലെന്നും ദിവാകരൻ പറഞ്ഞു.

എന്നാൽ പരാമർശം വിവാദമായതോടെ ആനത്തലവട്ടം ആനന്ദൻ്റെ മകൻ ജീവ പ്രതികരണവുമായി രംഗത്തെത്തി. ദിവാകരനെ തള്ളിയാണ് ജീവയുടെ പ്രതികരണം. ഫേസ്ബുക്കിലെഴുതിയ പോസ്റ്റിൽ പിണറായി സഖാവ് ഒരിക്കൽ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചിട്ടുണ്ടെന്ന് ജീവ പറയുന്നു. ഭക്ഷണം കഴിക്കുന്നതിനിടയിൽ മുഖമുയർത്തി നോക്കി നിൽക്കുന്ന സ്ത്രീകളിലൊരാളെ ചൂണ്ടി ഇതാണോ ആനന്ദന്റെ ഭാര്യ എന്നു പിണറായി ചോദിച്ചു. അപ്പോൾ അടുത്ത് നിന്ന അമ്മയെ ചൂണ്ടി അച്ഛൻ പരിചയപ്പെടുത്തി. ഭക്ഷണമെല്ലാം കഴിച്ചു സന്തോഷത്തോടെ അമ്മയോടും യാത്ര പറഞ്ഞാണ് അന്നു പോയതെന്ന് മകൻ ജീവ ആനന്ദൻ ഫേസ്ബുക്കിൽ പറയുന്നു

Related Articles

Back to top button