‘കെ സുധാകരന്‍ തുടരും, അധികാരത്തിന്റെ ചില്ലു മേടയിലല്ല ജന ഹൃദയങ്ങളിലാണ് സ്ഥാനം’; ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയ്ക്കിടെ പ്രധാന സ്വീകരണ വേദിയിലും പൊടിക്കുണ്ട് മുതല്‍ താണവരെയുള്ള പാതയോരങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം കെ സുധാകരന്റെ ചിത്രമുള്ള ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. യാത്ര കണ്ണൂര്‍ ജില്ലയില്‍ പ്രവേശിച്ച സാഹചര്യത്തിലാണ് ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

ശനിയാഴ്ച വൈകിട്ടാണ് ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. കെ സുധാകരന്‍ തുടരും അധികാരത്തിന്റെ ചില്ലു മേടയിലല്ല ജന ഹൃദയങ്ങളിലാണ് സുധാകരന്റെ സ്ഥാനം, കണ്ണൂരിന്റെ കരുത്തനായ നേതാവ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. പുതുയുഗ യാത്ര നയിക്കുന്ന വി ഡി സതീശന്റെയും മറ്റു യുഡിഎഫ് നേതാക്കളുടെയും ചിത്രങ്ങള്‍ ബോര്‍ഡിന്റെ അടിയിലാണ്. ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധത്തിന്റെ ഭാഗമല്ല കണ്ണൂരില്‍ കെ സുധാകരന്റെ സ്വാധീനം ഒട്ടും കുറഞ്ഞിട്ടില്ലെന്ന് കാണിക്കുന്നതിനാണ് ബോര്‍ഡ് സ്ഥാപിച്ചതെന്നാണ് കെ സുധാകരനെ അനുകൂലിക്കുന്നവര്‍ പറയുന്നത്.

കണ്ണൂര്‍ മണ്ഡലം പിടിച്ചെടുക്കുന്നതിനായി താന്‍ മത്സരിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ ഈ കാര്യം ഹൈക്കമാന്‍ഡ് ആണ് തീരുമാനിക്കേണ്ടതെന്നും കെ സുധാകരന്‍ എംപി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കടന്നപ്പള്ളിക്കെതിരെ സുധാകരനെ മത്സരിപ്പിക്കണമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പൊതുവികാരം എന്നാല്‍ എംപിമാര്‍ മത്സരിക്കണോയെന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡ് ആണെന്നാണ് കെപിസിസിയുടെ നിലപാട്.

Related Articles

Back to top button