കേരളത്തിൽ എൻപിആർ നടപ്പാക്കില്ല; ഉത്തരവിറക്കി സംസ്ഥാന സർക്കാർ

പുതിയ സെൻസസിന്റെ ഭാഗമായി കേരളത്തിൽ ഒരു കാരണവശാലും എൻപിആർ നടപ്പാക്കില്ലെന്നുറപ്പാക്കാൻ ഉത്തരവ് പുറപ്പെടുവിച്ച് സംസ്ഥാന സർക്കാർ. കേരളത്തിൽ സെൻസസിനൊപ്പം ദേശീയ ജനസംഖ്യ രജിസ്റ്റർ (എൻപിആർ) നടപ്പാക്കാനുള്ള എല്ലാ നടപടികളും നിർത്തിവെക്കാൻ 2019 ൽ തന്നെ സംസ്ഥാന സർക്കാർ ഉത്തരവിട്ടിരുന്നു.
ഒരു കാരണവശാലും കേരളത്തിൽ എൻപിആർ നടപ്പിലാക്കില്ല എന്നത് എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിത നിലപാടാണ്. കോവിഡ് കാരണം പിന്നീട് സെൻസസ് നടപടിക്രമങ്ങൾ നടന്നില്ല. അടുത്ത വർഷം മുതൽ രാജ്യത്താകെ സെൻസസ് നടപടികൾ വീണ്ടും ആരംഭിക്കുന്ന സാഹചര്യത്തിൽ സെൻസസിനൊപ്പം നാഷണൽ പോപ്പുലേഷൻ രജിസ്റ്റർ കൂടി നടത്തിയേക്കും എന്ന അഭ്യൂഹം നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ സെൻസസിന്റെ ഭാഗമായി കേരളത്തിൽ ഒരു കാരണവശാലും എൻപിആർ നടപ്പാക്കില്ലെന്നുറപ്പാക്കാൻ എൽഡിഎഫ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.



