മാവേലിക്കരയിൽ മദ്യലഹരിയിൽ  പോലീസ് ഉദ്യോഗസ്ഥന്റെ അപകടകരമായ  യാത്ര; നടപടിയില്ലെന്ന് വിമർശനം

മാവേലിക്കരയില്‍ മദ്യലഹരിയില്‍ ഔദ്യോഗിക വാഹനമോടിച്ച് പോലീസ് ഉദ്യോഗസ്ഥൻ. മാന്നാര്‍ പോലീസ് സ്റ്റേഷനിലെ ഡ്രൈവർ സ്വരാജാണ് മദ്യലഹരിയില്‍ വാഹനമോടിച്ചത്. കായംകുളം- ചെട്ടികുളങ്ങര റോഡിലാണ് ഉദ്യോഗസ്ഥന്‍റെ അപകടകരമായ യാത്ര. മദ്യപിച്ച് അവശനിലയിലായതോടെ വാഹനം റോഡരികില്‍ നിര്‍ത്തുകയായിരുന്നു. ഔദ്യോഗിക വാഹനത്തില്‍ ഛര്‍ദിച്ച് അവശനായ നിലയിലായിരുന്നു ഉദ്യോഗസ്ഥനുണ്ടായിരുന്നത്. 

മദ്യലഹരിയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഓടിച്ച വാഹനം നിയന്ത്രണമില്ലാതെ റോഡിന്റെ ഇരു വശങ്ങളിലേക്കും പോകുന്നത് ദൃശ്യങ്ങളില്‍ കാണാം. പൊലീസ് വാഹനത്തിന്റെ പിറകെ പോയ ബൈക്ക് യാത്രികരാണ് പോലിസ് ജീപ്പിന്റെ ഈ സാഹസിക യാത്ര ചിത്രീകരിച്ചത്. ദീര്‍ഘദൂരം സാഹസിക യാത്ര തുടര്‍ന്നതിന് ശേഷം വാഹനം മാവേലിക്കര വിഎസ്എം ആശുപത്രിക്ക് സമീപം നിര്‍ത്തിയിട്ടു. ഇതിന് പിന്നാലെ ബൈക്ക് യാത്രികര്‍ ഇറങ്ങി നോക്കിയപ്പോഴാണ് മദ്യലഹരിയില്‍ ഛര്‍ദിച്ച് അവശനായ പോലീസ് ഉദ്യോഗസ്ഥനെ വാഹനത്തിനുള്ളില്‍ കണ്ടത്.

 സംഭവത്തിന് പിന്നാലെ ബൈക്ക് യാത്രികര്‍  പോലീസിനെ വിവരമറിയിച്ചു. കണ്‍ട്രോള്‍ റൂമില്‍ നിന്നുള്‍പ്പെടെ  പോലീസുകാരെത്തി പരിശോധന നടത്തി. എന്നാല്‍ സ്വരാജിനെതിരെ നടപടിയെടുക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. മുഖം കഴുകിയ ശേഷം ഇതേ വാഹനമോടിച്ച് സ്‌റ്റേഷനിലേക്ക് പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. എസ്എച്ച്ഒയെ കായംകുളത്തെ വീട്ടില്‍ എത്തിച്ച ശേഷം തിരികെ വരുമ്പോളായിരുന്നു സ്വരാജ്  പോലീസ് വാഹനത്തിൽ അപകടകരമായ യാത്ര നടത്തിയത്.

Related Articles

Back to top button