മലബാര്‍ ദേവസ്വം ബോര്‍ഡിലെ സ്വര്‍ണക്കൊളള; ടി ടി വിനോദന്‍ ഒളിവില്‍ പോയിട്ട് നാല് മാസം, വഴിമുട്ടി നിയമ നടപടി

മലബാര്‍ ദേവസ്വം ബോര്‍ഡിലെ സ്വര്‍ണക്കൊളളയില്‍ വഴിമുട്ടി നിയമ നടപടി. വിവിധ ക്ഷേത്രങ്ങളില്‍ നിന്നും 100 പവനിലേറെ സ്വര്‍ണം തട്ടിയെടുത്ത മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ടി ടി വിനോദന്‍ ഒളിവില്‍ പോയിട്ട് നാലുമാസമായി. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയിട്ട് ഒരുമാസമായിട്ടും പ്രതിയെ പിടികൂടാനായിട്ടില്ല. പാസ്പോര്‍ട്ട് ഇല്ലാത്തതിനാല്‍ വിനോദന്‍ വിദേശത്തേക്ക് കടന്നിട്ടില്ലെന്നാണ് പോലീസിന്റെ നിഗമനം. നിലവില്‍ പോലീസ് അന്വേഷണം നടക്കുന്നത് ബാലുശേരി കോട്ട ക്ഷേത്രത്തിലെ പരാതിയില്‍ മാത്രമാണ്. മറ്റ് ക്ഷേത്രങ്ങളുടെ കവര്‍ച്ചയില്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ പരാതി നല്‍കിയിട്ടില്ല. ദേവസ്വം ബോര്‍ഡും, പോലീസും വിഷയത്തില്‍ ജാഗ്രത കാണിക്കുന്നില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്.
അതേസമയം, സ്വര്‍ണക്കൊളള കേസില്‍ അറസ്റ്റുകള്‍ അവസാനിപ്പിച്ച് കുറ്റപത്രം തയ്യാറാക്കുന്നതിലേക്ക് കടക്കാനൊരുങ്ങുകയാണ് എസ്ഐടി. മാര്‍ച്ച് ആദ്യം ഇടക്കാല കുറ്റപത്രം സമര്‍പ്പിക്കും. എസ് ഐ ടി സാക്ഷിപ്പട്ടിക തയ്യാറാക്കി. പാളികള്‍ ഏറ്റുവാങ്ങിയ അനന്തസുബ്രമണ്യവും രമേശ് റാവുവും സ്വര്‍ണ്ണം ബെല്ലാരിയില്‍ എത്തിച്ച കല്‍പ്പേഷും കേസിലെ സാക്ഷികളാണ്. എഫ് ഐ ആറില്‍ പ്രതികളായ മറ്റ് മുന്‍ ഉദ്യോഗസ്ഥരും സാക്ഷികളാകും. ഇടക്കാല കുറ്റപത്രത്തിന്റെ കരട് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് അയക്കും. നിയമോപദേശത്തിന് ശേഷമായിരിക്കും തുടര്‍നടപടികള്‍.



