സംസ്ഥാന സ്കൂൾ കലോത്സവത്തില്‍ ഗോത്രകലകളുടെ മത്സരങ്ങള്‍ വർദ്ധിപ്പിക്കുന്ന വിഷയത്തിൽ പ്രതികരിച്ച്; വി ശിവൻകുട്ടി
സംസ്ഥാന സ്കൂൾ കലോത്സവത്തില്‍ ഗോത്രകലകളുടെ മത്സരങ്ങള്‍ വർദ്ധിപ്പിക്കുന്ന വിഷയത്തിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഗോത്രകലകളുടെ മത്സരങ്ങള്‍ വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനം നടപ്പാക്കുന്നതിന് വെല്ലുവിളികള്‍ ഏറെയാണെന്നും പരിശീലിപ്പിക്കാനുള്ള ആളുകളുടെ എണ്ണത്തിലെ കുറവാണ് പ്രധാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരമ്പരാഗതമായി ഗോത്രകലകള്‍ അഭ്യസിക്കുന്ന ഇടങ്ങളിലെയോ ജില്ലകളിലെയോ വിദ്യാർത്ഥികള്‍ക്ക് ഇവ പഠിച്ചു വേദിയില്‍ അവതരിപ്പിക്കാം.
എന്നാല്‍, മറ്റ് ജില്ലകളിലും നഗരങ്ങളിലുമുള്ള വിദ്യാർത്ഥികള്‍ക്ക് ഗോത്രകല പഠിച്ചെടുക്കുന്നതിന് ഏറെ പണിപ്പെടണം. എന്ത് ചെയ്യാനാകുമെന്ന് കലോത്സവം മാനുവല്‍ പരിഷ്കരണത്തിന് നിശ്ചയിച്ചിരിക്കുന്ന സമിതിയോട് ആരായും. ഗോത്ര കലകള്‍ അവതരിപ്പിക്കാൻ നിലവില്‍ നല്കുന്ന സമയം 15 മിനിറ്റാണ്. ചെയ്തു ശീലമില്ലാത്ത കുട്ടികള്‍ ഇത് അവതരിപ്പിക്കുമ്പോള്‍ തളർന്നു വീഴും. മത്സര സമയം കുറയ്ക്കുന്നത് സംബന്ധിച്ച് പുനരാലോചിക്കാൻ സമിതിയോട് ആവശ്യപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.


