കോൺഗ്രസിൽ ക്രൈം സിന്‍ഡിക്കേറ്റ്….സണ്ണി ജോസഫിനടക്കം ഇവരെ പേടി…എ എ റഹീം

കൊച്ചി: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ റിമാൻഡിലായതിന് പിന്നാലെ കോൺഗ്രസിൽ ക്രൈം സിൻഡിക്കേറ്റ് ഉണ്ടെന്ന ആരോപണവുമായി എ എ റഹീം എംപി. പരസ്പരം കണ്ടും, എല്ലാത്തരം ക്രിമിനൽ പ്രവർത്തനങ്ങൾ പരസ്പരം പകർത്തിയുമാണ് ഈ സംഘം കുറേ നാളായി ‘വികസിച്ചു’വന്നത് എന്ന് റഹീം ആരോപിച്ചു.
എതിർക്കുന്നവർ ആരായാലും ‘തീർത്തു കളയാൻ’ ഇവർ ഒരുമിച്ച് ഇറങ്ങും. ഹു കെയേഴ്സ് എന്നതാണ് ഇവരുടെ കോമൺ ടാഗ്‌ലൈൻ. കെപിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫിന് പോലും ഇവരെ പേടിയാണെന്നും എ എ റഹീം ആരോപിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു റഹീമിൻ്റെ പ്രതികരണം.
കോൺഗ്രസിനുള്ളിൽ വളരെ ശക്തരായ മറ്റു ചില നേതാക്കൾ ഉണ്ടെന്നും റഹീം ആരോപിച്ചു. അവരെ നയിക്കുന്ന വികാരം മറ്റൊരു തരം പേടിയാണ്. അവരുടെ കള്ളപ്പണം മുതൽ, സകല കൊള്ളരുതായ്മകളും ക്രൈം സിൻഡിക്കേറ്റിന് അറിയാം.
അതൊക്കെ എടുത്ത് പുറത്തിട്ട് അലക്കും എന്ന ഭയമാണ് അവർക്ക്. അപ്പോൾ ‘ഈ പൊളിറ്റിക്കൽ സെലിബ്രിറ്റികളെ കൂടെ കൂട്ടുന്നതാണ് നല്ലത്’ എന്നവർക്കും തോന്നി. ചുരുക്കത്തിൽ ഈ ‘who cares ടീം’ആണ് കേരളത്തിലെ കോൺഗ്രസ് തീരുമാനങ്ങളെ കുറേ നാളായി നിയന്ത്രിക്കുന്നത്. ഇവർക്ക് അധികാരവും, പ്രശസ്തിയും ഇര പിടുത്തത്തിനും കള്ളപണത്തിനും വേണ്ടിയുള്ള മറ മാത്രമാണെന്നും റഹീം ആരോപിച്ചു.



