കോൺഗ്രസ് വിട്ടത് അടുത്തയിടെ…ബിജെപി വനിതാ പ്രവർത്തകയുടെ വസ്ത്രം വലിച്ചുകീറിയതായി പരാതി

ബിജെപി പ്രവർത്തകയെ കസ്റ്റഡിയിലെടുക്കുന്നതിനിടെ പൊലീസ് മർദ്ദിച്ചതായും വസ്ത്രങ്ങൾ വലിച്ചുകീറിയതായും ആരോപണം. കർണാടകയിലെ ഹുബ്ബള്ളിയിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ മേഖലയിൽ വലിയ രാഷ്ട്രീയ പ്രതിഷേധത്തിന് വഴിതെളിച്ചിരിക്കുകയാണ്. ഒരു ബസിനുള്ളിൽ വെച്ച് പുരുഷ-വനിതാ പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് വനിതാ പ്രവർത്തകയെ വളയുന്നതും കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. തടങ്കലിലാക്കുന്നതിനെ ഇവർ എതിർത്തതോടെ പൊലീസ് മർദ്ദിക്കുകയും വസ്ത്രങ്ങൾ അലക്ഷ്യമായി വലിച്ചു കീറുകയും ചെയ്തുവെന്നാണ് ആരോപണം.
കോൺഗ്രസ് കോർപ്പറേറ്റർ സുവർണ കല്ലകുണ്ട്ല നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഈ വനിതാ പ്രവർത്തകയെ കസ്റ്റഡിയിലെടുക്കാൻ എത്തിയത്. വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ കോൺഗ്രസ്-ബിജെപി പ്രവർത്തകർ തമ്മിൽ തർക്കമുണ്ടായിരുന്നു. വോട്ടർ പട്ടികയിൽ നിന്ന് ചില പേരുകൾ നീക്കം ചെയ്യാൻ ഉദ്യോഗസ്ഥരെ സഹായിച്ചു എന്നാരോപിച്ചാണ് കോൺഗ്രസ് പരാതി നൽകിയത്. എന്നാൽ ഈ ആരോപണം ഇവർ നിഷേധിച്ചിട്ടുണ്ട്.



