മല ചവിട്ടി പതിനെട്ടാംപടിയുടെ താഴെ വരെ എത്തി, ബിപി കൂടി അവശയായി മാളികപ്പുറം..പിന്നാലെ..

ശരണമന്ത്രങ്ങൾ മുഖരിതമായ സന്നിധാനത്തിൽ, പതിനെട്ടാം പടിക്ക് മുന്നിൽ തളർന്നുവീണ വയോധികയായ തീർത്ഥാടകയ്ക്ക് രക്ഷകരായി പോലീസും ഫയർഫോഴ്സും. തമിഴ്‌നാട്ടിൽ നിന്നെത്തിയ അറുപത്തിയഞ്ചുകാരിയായ മാളികപ്പുറത്തിനാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ കൃത്യസമയത്ത് തുണയായത്. ആയിരക്കണക്കിന് ഭക്തർ മലചവിട്ടി എത്തുന്ന സന്നിധാനത്തിൽ, പതിനെട്ടാം പടി കയറാൻ തയ്യാറെടുക്കുന്നതിനിടെയാണ് ശാരീരിക അവശത മൂലം ഇവർ തളർന്നത്. കഠിനമായ യാത്രയുടെ ക്ഷീണവും ഉയർന്ന രക്തസമ്മർദ്ദവും അവരെ തളർത്തുകയായിരുന്നു. ഈ സമയം കൊടിമരം ഡ്യൂട്ടി പോയിന്റിലുണ്ടായിരുന്ന ഡി.വൈ.എസ്.പി പ്രമോദും, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പ്രകാശും ഉടൻ തന്നെ ഇടപെട്ടു.

അവശയായ മാളികപ്പുറത്തെ താങ്ങിയെടുത്ത ഉദ്യോഗസ്ഥർ ഒട്ടും വൈകാതെ തന്നെ അവരെ എമർജൻസി മെഡിക്കൽ ടീമിന് അടുത്തേക്ക് എത്തിച്ചു. വിദഗ്ദ്ധമായ പ്രഥമ ശുശ്രൂഷ നൽകിയതോടെ അവരുടെ ആരോഗ്യനില സാധാരണ നിലയിലായി. ആരോഗ്യം വീണ്ടെടുത്ത ശേഷം, ഉദ്യോഗസ്ഥർക്ക് നന്ദി പറഞ്ഞാണ് അവർ അയ്യപ്പ ദർശനത്തിനായി നീങ്ങിയത്. മനമുരുകി പ്രാർത്ഥിച്ച് ദർശനം പൂർത്തിയാക്കിയ അവർ സഫലമായ തീർത്ഥാടനത്തിന് ശേഷം മലയിറങ്ങി. തിരക്കിനിടയിലും ഭക്തരുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും മുൻഗണന നൽകി, സേവനസന്നദ്ധമാണ് സേനകളെന്ന് അധികൃതർ പറഞ്ഞു.

Related Articles

Back to top button