മരുന്നിന് പോലും ഒരാളെ ബാക്കിവെക്കാതെ BJP അങ്ങെടുത്തു; മുഖ്യമന്ത്രി

തൃശ്ശൂര്‍ മറ്റത്തൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി വിജയിച്ച മുഴുവന്‍ പഞ്ചായത്തംഗങ്ങളും ബിജെപിയില്‍ ചേര്‍ന്നതില്‍ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ഒറ്റച്ചാട്ടത്തിന് ബിജെപിയില്‍ എത്താന്‍ തക്കം പാര്‍ത്തിരിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. മരുന്നിനുപോലും ഒരാളെ ബാക്കിവെയ്ക്കാതെ ബിജെപി അവരെ അങ്ങെടുത്തുവെന്നും കേരളം പരിചയിച്ച രാഷ്ട്രീയ കാഴ്ചയല്ല അതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
2016ല്‍ അരുണാചല്‍ പ്രദേശില്‍ നടന്ന കോണ്‍ഗ്രസ് എംഎല്‍എമാരുടെ കൂറുമാറ്റവും 2021ല്‍ പുതുച്ചേരിയില്‍ എന്‍ഡിഎ അധികാരത്തിലെത്തിയതുമടക്കം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. ഇതിന്റെ കേരള മോഡലാണ് മറ്റത്തൂരിലേതെന്നും ആ പഞ്ചായത്തില്‍ എല്‍ഡിഎഫ് പ്രസിഡന്റ് അധികാരത്തില്‍ വരുന്നത് തടയാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയോടൊപ്പം പോയതെന്നും അതവര് തുറന്നുസമ്മതിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.




