തിരുവനന്തപുരം മേയർ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു..ആരെന്നോ?…

തിരുവനന്തപുരം കോർപ്പറേഷനിൽ ഒറ്റയ്ക്ക് ഭരണം നേടാനുള്ള അംഗബലമില്ലെങ്കിലും മേയർ സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിച്ച് സി പി എം ജില്ലാ കമ്മിറ്റി. പുന്നക്കാമു​ഗൾ കൗൺസിലറും ജില്ലാ കമ്മിറ്റി അംഗവുമായ ആർ പി ശിവജി ആയിരിക്കും സി പി എം സ്ഥാനാർത്ഥി. മത്സരിക്കാതെ മാറി നിൽക്കുന്നത് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിലാണ് സി പി എം ജില്ലാ കമ്മിറ്റി, ശിവജിയെ രംഗത്തിറക്കിയത്. പാർലമെൻററി പാർട്ടി ലീഡറായി എസ് പി ദീപക്കിനെയും പാർലമെൻററി പാർട്ടി സെക്രട്ടറിയായി മുൻ മേയർ ശ്രീകുമാറിനെയും സി പി എം ജില്ലാ കമ്മിറ്റി തിരഞ്ഞെടുത്തിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡൻറായി പ്രിയദർശിനിയെയും വൈസ് പ്രസിഡൻറായി ബി പി മുരളിയെയും തീരുമാനിച്ചു.

ഭൂരിപക്ഷമില്ലെങ്കിലും മേ‌യർ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് യു ഡി എഫും അറിയിച്ചിട്ടുണ്ട്. സ്ഥാനാർത്ഥിയെ 24 ന് തീരുമാനിക്കുമെന്നാണ് യു ഡി എഫ് വ്യക്തമാക്കിയിട്ടുള്ളത്. 24 ന് കൗൺസിലർമാരുടെ യോഗത്തിലായിരിക്കും മേയർ സ്ഥാനാർത്ഥിയെ തീരുമാനിക്കുകയെന്നാണ് നേതൃത്വം അറിയിച്ചത്. അതേസമയം നാല് പതിറ്റാണ്ട് നീണ്ട ഇടതുഭരണം അവസാനിപ്പിച്ച് തിരുവനന്തപുരം കോർപ്പറേഷനിൽ അധികാരത്തിലേറുമെന്ന് ഉറപ്പായ ബി ജെ പി ഇനിയും മേയർ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. തിരുവനന്തപുരം കോർപറേഷനിലെ ബി ജെ പിയുടെ മേയർ സ്ഥാനാർത്ഥിയാ കണ്ടെത്താനുള്ള ചർച്ചകൾ പാർട്ടിയിൽ സജീവമായി തുടരുകയാണ്. ഇന്ന് കണ്ണൂരിൽ ചേർന്ന സംസ്ഥാന നേതൃയോഗത്തിൽ ഇത് സംബന്ധിച്ച അന്തിമ ചർച്ചകൾ നടന്നു. ഡിസംബർ 24, 25 തീയതികളിലായിരിക്കും ഇതുസംബന്ധിച്ച അന്തിമ പ്രഖ്യാപനം നടക്കുക. വി വി രാജേഷ്, ആർ ശ്രീലേഖ എന്നിവരുടെ പേരുകളാണ് സജീവമായിട്ടുള്ളത്. മറ്റൊരു സർപ്രൈസ് പേര് വന്നാലും അത്ഭുതപ്പെടേണ്ടതില്ലെന്നാണ് പാർട്ടി നേതൃത്വം പറയുന്നത്. മേയർ ആരാകുമെന്നതിൽ സസ്പെൻസ് തുടരട്ടെയെന്നാണ് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അടക്കമുള്ളവർ പറയുന്നത്.

Related Articles

Back to top button