റോഡരികിൽ നിർത്തിയിട്ട മണ്ണുമാന്തി യന്ത്രം തോട്ടിലിറക്കി തീയിട്ടു..പിടിയിൽ

കണ്ണിയംപുറം പാലത്തിന് അടുത്ത് നിർത്തിയിട്ടിരുന്ന ഒരു മണ്ണുമാന്തി യന്ത്രം (ഹിറ്റാച്ചി) തോട്ടിലേക്ക് ഇറക്കി കത്തിച്ച് നശിപ്പിച്ച സംഭവത്തിൽ തമിഴ്നാട് തൂത്തുക്കുടി സ്വദേശി ഇസക്കിരാജ് (24) അറസ്റ്റിലായി. ഒറ്റപ്പാലം പോലീസാണ് പ്രതിയെ പിടികൂടിയത്.
റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിന്റെ താക്കോൽ അതിൽത്തന്നെ വെച്ചിരുന്നു. ഈ മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്ററും അറസ്റ്റിലായ ഇസക്കിരാജും തമ്മിലുണ്ടായ മുൻവൈരാഗ്യമാണ് തീവെയ്പ്പിന് പിന്നിലെന്ന് പോലീസ് അറിയിച്ചു. ഇസക്കിരാജ് മറ്റൊരു മണ്ണുമാന്തി യന്ത്രത്തിന്റെ സഹായിയായി പ്രവർത്തിക്കുകയായിരുന്നു.
കണ്ണിയംപുറം തോട്ടിലിറക്കി കത്തിച്ച നിലയിൽ ശനിയാഴ്ച രാവിലെ 7.30ഓടെയാണ് വാഹനം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ഷൊർണൂരിലെ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. സീനിയർ ഫയർ ഓഫീസർ വി. ഷാജുവിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ സംഘം നാട്ടുകാരുമായി ചേർന്ന് തോട്ടിലെ വെള്ളം ഉപയോഗിച്ച് തീയണച്ചെങ്കിലും വാഹനം പൂർണമായും കത്തി നശിച്ചു.
ഏകദേശം 30 ലക്ഷം രൂപ വിലവരുന്ന വാഹനമാണ് നശിപ്പിക്കപ്പെട്ടത്. ലക്കിടി സ്വദേശിയായ ഉടമയുടെ പരാതിയെ തുടർന്നാണ് പോലീസ് ഇസക്കിരാജിനെ അറസ്റ്റ് ചെയ്തതും കോടതിയിൽ ഹാജരാക്കിയതും.



