എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ പ്രവർത്തിച്ചു എന്നാരോപണം; ആലപ്പുഴയിൽ സിപിഎം അനുഭാവിയ്ക്ക് നടുറോഡിൽ ക്രൂരമർദ്ദനം

ആലപ്പുഴ: മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പരാജയത്തിന് കാരണക്കാരനായി എന്നാരോപിച്ച് സിപിഎം അനുഭാവിയായ വ്യക്തിയ്ക്ക് നടുറോഡിൽ വെച്ച് മർദ്ദനമേറ്റു. സിപിഎം പ്രാദേശിക നേതാവും അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്നവരുമാണ് മർദ്ദിച്ചതെന്നാണ് പരാതി.
മാരാരിക്കുളം ജനക്ഷേമത്തിന് സമീപം കഴിഞ്ഞ ദിവസം വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം. മാരാരിക്കുളം സ്വദേശിയായ മനോജിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ചിട്ടുണ്ട്.
മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ 19-ാം വാർഡിൽ എൽഡിഎഫ് ഔദ്യോഗിക സ്ഥാനാർത്ഥിയായിരുന്ന വി.ആർ. രാജേഷ് 68 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. കോൺഗ്രസ് സ്ഥാനാർത്ഥിയായ സി.കെ. പ്രേമനാണ് ഇവിടെ വിജയിച്ചത്. ഈ പരാജയത്തിന്റെ ഉത്തരവാദിത്തം ആരോപിച്ചാണ് അനുഭാവിക്കെതിരെ ആക്രമണം നടന്നത്.



