‘വെള്ളാപ്പള്ളിയെ ഇറക്കി ഹൈന്ദവ വികാരം ഉണർത്താൻ നോക്കി…പക്ഷെ ഫലം ബിജെപി കൊണ്ടുപോയി’

സംസ്ഥാനത്ത് ഭരണ മാറ്റം ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട് എന്നതിന്‍റെ ഉറപ്പാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം എന്ന് സാമുഹിക നിരീക്ഷകന്‍ ബഷീർ വള്ളിക്കുന്ന്. മത നിരപേക്ഷ നിലപാടിൽ വെള്ളം കലർത്തി എപ്പോഴോക്കെ വർഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചാലും അതിന്റെ ഡയറകറ്റ് ബെനിഫിഷ്യറി വർഗീയ കക്ഷികളായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
“ഒറ്റവാക്കിൽ പറഞ്ഞാൽ സിപിഎമ്മിന് കനത്ത തിരിച്ചടി, ഒരു ഭരണമാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട് എന്നത് ഉറപ്പ്. സിപിഎമ്മിന്റെ സ്പെയ്സിലേക്ക് ബിജെപി കടന്നു കയറുന്നതായി വേണം മനസ്സിലാക്കാൻ. നഷ്ട്ടപ്പെടുന്ന ഹിന്ദു വോട്ടുകൾ ലക്ഷ്യമാക്കി നിരന്തരം വർഗ്ഗീയ വിഷം ചീറ്റുന്ന വെള്ളാപ്പള്ളിയെപ്പോലൊരാളെ മുന്നിൽ നിർത്തി ഹൈന്ദവ വികാരങ്ങളെ ഉണർത്താൻ സിപിഎം ശ്രമിച്ചപ്പോൾ ആ ‘സോഷ്യൽ എൻജിനീയറിങ്’ ഫലം കണ്ടു. ഹൈന്ദവ വികാരങ്ങൾ ഉണർന്നു. പക്ഷേ ആ ഫലം കൊണ്ട് പോയത് ബിജെപി ആണെന്ന് മാത്രം.” ബഷീർ വള്ളിക്കുന്ന് ഫേസ്ബുക്കില്‍ കുറിച്ചു.



