ശശി തരൂരിന് സവർക്കർ പുരസ്കാരം; ചോദ്യത്തോട് പ്രതികരിക്കാതെ കൈകൂപ്പി തൊഴുത് വിഡി സതീശൻ

കോൺഗ്രസ് എംപി ശശി തരൂരിന് വീർ സവർക്കർ പുരസ്കാരം നൽകുന്നത് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കാതെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ശബരിമലയിലെത്തിയ വിഡി സതീശൻ ശബരിമല സ്വർണകൊള്ളയിലടക്കം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ശശി തരൂരിൻറെ സവർക്കർ പുരസ്കാര വിവാദത്തിലും പ്രതികരണം തേടിയത്. ചോദ്യത്തിൽ പ്രതികരിക്കാതെ കൈകൂപ്പി തൊഴുത് ഒന്നും പറയാനില്ലെന്ന രീതിയിൽ വിഡി സതീശൻ പോവുകയായിരുന്നു. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം ലഭിച്ചതിലും അടൂർ പ്രകാശ് വിവാദത്തിലും വിഡി സതീശൻ മറുപടി നൽകി. രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചതിൽ നിയമം നിയമത്തിൻറെ വഴിയ്ക്ക് പോകട്ടെയെന്നും നിലപാടിൽ മാറ്റമില്ലെന്നും വിഡി സതീശൻ പറഞ്ഞു. രാഹുലിനെതിരായ നടപടി ബോധ്യത്തിൻറെ അടിസ്ഥാനത്തിലുള്ളതാണ്. രാഹുൽ നാളെ വോട്ട് ചെയ്യാൻ വരുമോയെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.



