മുത്തശ്ശിക്കൊപ്പം ഉറങ്ങാൻ കിടന്നു…നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത് കൊതുകുവല മുറിച്ച്…അഴുക്കുചാലിന് സമീപം രക്തത്തില്‍ കുളിച്ച നിലയിൽ…

മുത്തശ്ശിക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു. വെള്ളിയാഴ്ച രാത്രി വൈകിയാണ് സംഭവം നടന്നത്. പിറ്റേന്ന് ഉച്ചയ്ക്ക് താര്‍ക്കേശ്വര്‍ റെയില്‍വേയുടെ അഴുക്കുചാലിന് സമീപം രക്തത്തില്‍ കുളിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയതെന്ന് ഹൂഗ്ലി റൂറല്‍ പോലീസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു.
“അവൾ എന്റെ കൂടെയായിരുന്നു ഉറങ്ങുന്നത്. പുലർച്ചെ നാലുമണിയോടെ ആരോ അവളെ എടുത്തുപോയി. കൊതുകുവല മുറിച്ച് അവളെ കൊണ്ടുപോയതാണ്. അവളെ നഗ്നയായ നിലയിലാണ് കണ്ടെത്തിയത്.” കീറിയ വല കാണിച്ചുകൊണ്ട് പെണ്‍കുട്ടിയുടെ മുത്തശ്ശി പറഞ്ഞു.
‘അവര്‍ ഞങ്ങളുടെ വീടുകള്‍ തകര്‍ത്തതുകൊണ്ടാണ് ഞങ്ങള്‍ തെരുവില്‍ താമസിക്കുന്നത്. ഞങ്ങള്‍ എവിടെ പോകും? ഞങ്ങള്‍ക്ക് വീടുകളില്ല.’ കണ്ണീരടക്കിക്കൊണ്ട് അവര്‍ കൂട്ടിച്ചേര്‍ത്തു. കുട്ടിയുടെ കുടുംബം ബഞ്ചാര സമുദായത്തിൽപ്പെട്ടവരാണ്. അവർ കഴിഞ്ഞ കുറേ ദിവസങ്ങളായി വീടില്ലാതെയാണ് തെരുവിൽ താമസിക്കുന്നത്.
നിലവിൽ കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ്. കുട്ടിയെ താർകേശ്വർ ഗ്രാമീൺ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം, പിന്നീട് ചന്ദൻനഗറിലേക്ക് റഫർ ചെയ്തു. സംഭവത്തിന് പൂർണ്ണ അന്വേഷണം നടക്കുകയാണ്. പോക്സോ (ലൈംഗികാതിക്രമങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന നിയമം) പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അതേസമയം, കേസില്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ താമസിച്ചു എന്ന് ആരോപിച്ച് ബിജെപി മമത ബാനര്‍ജി സര്‍ക്കാരിനെതിരെ രംഗത്തെത്തി.




