ട്രെയിനിൽ കിടന്ന് മെല്ലെ മയങ്ങി…എഴുന്നേറ്റപ്പോൾ ഫോണും ബാഗും കാണാനില്ല…മോഷ്ടാവ് പിടിയിൽ.
ട്രെയിൻ യാത്രക്കാരുടെ ബാഗുകൾ മോഷ്ടിക്കുന്ന യുവാവ് ഷൊർണൂരിൽ റെയിൽവേ പൊലീസിന്റെ പിടിയിൽ. ഓങ്ങല്ലൂർ കുന്നുംപുറത്ത് വീട്ടിൽ സൈനുലാബുദ്ദീൻ (39) ആണ് പിടിയിലായത്. ജന്മനാ സംസാരശേഷിയും കേൾവിശേഷിയും ഇല്ലാത്തയാളാണ് പ്രതി. കഴിഞ്ഞ ബുധനാഴ്ച കാസർകോട് നിന്നും എറണാകുളത്തേക്ക് മംഗള എക്സ്പ്രസ്സിൽ യാത്ര ചെയ്യുകയായിരുന്ന കാഞ്ഞങ്ങാട് സ്വദേശിയുടെ ഒന്നേകാൽ ലക്ഷത്തിലധികം വില വരുന്ന ഐഫോണും, 7000 രൂപയിലധികം പണവും അടങ്ങിയ ബാഗാണ് ഇയാൾ മോഷ്ടിച്ചത്.
റെയിൽവേ സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാൻ ഷൊർണൂർ റെയിൽവേ പൊലീസിനെയും ആർപിഎഫിനെയും സഹായിച്ചത്. എറണാകുളത്തു നിന്നും കാസർകോട്ടേക്ക് മംഗള എക്സ്പ്രസിലെ എസി കമ്പാർട്ട്മെന്റിലായിരുന്നു കാഞ്ഞങ്ങാട് സ്വദേശിയായ സി കെ ആസിഫ് യാത്ര ചെയ്തിരുന്നത്. ഉറക്കം ഉണർന്നു നോക്കുമ്പോൾ ട്രെയിൻ ഷൊർണൂരിൽ എത്തിയിരിക്കുന്നു. കൈവശമുണ്ടായിരുന്ന ബാഗ് നഷ്ടപ്പെട്ടുവെന്ന് മനസിലാക്കിയ ആസിഫ് ഉടനെ ഷൊർണൂർ റെയിൽവേ പൊലീസിനെ സമീപിക്കുകയായിരുന്നു.



