മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശം.. പി എം എ സലാം കേരളീയ സമൂഹത്തോട് മാപ്പ് പറയണം…
മുഖ്യമന്ത്രി പിണറായി വിജയനെതിരായ അധിക്ഷേപ പരാമർശത്തിൽ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം മാപ്പ് പറയണമെന്ന് സിപിഐഎം. പിഎംഎ സലാമിന്റെ നടപടി തരംതാണതും രാഷ്ട്രീയ മര്യാദകള്‍ പാലിക്കാത്തതുമാണെന്ന് സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് വിമർശിച്ചു. വ്യക്തി അധിക്ഷേപം പിന്‍വലിച്ച് പിഎംഎ സലാം കേരളീയ സമൂഹത്തോട് മാപ്പ് പറയണം.രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്ക് അവസരം ലഭിക്കാതിരിക്കുമ്പോള്‍ മോശം പരാമര്‍ശങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താമെന്നുള്ളത് വ്യാമോഹമാണ്. അനുകരണീയമല്ലാത്ത മാതൃകയാണ് പി എം എ സലാമില്‍ നിന്നുണ്ടായത്. ലീഗിന്റെ സാംസ്കാരിക അപചയമാണ് ഇതിലൂടെ വ്യക്തമായത്. സലാമിന്റെ പരാമര്‍ശത്തിനെതിരെ ലോക്കല്‍ കേന്ദ്രങ്ങളില്‍ സിപിഐ എം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
സംസ്ഥാന സർക്കാർ പി എം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു പിഎംഎ സലാമിന്റെ അധിക്ഷേപം. കേരളത്തിലെ മുഖ്യമന്ത്രി ആണും പെണ്ണുംകെട്ടവനായത് കൊണ്ടാണ് പിഎം ശ്രീയിൽ ഒപ്പിട്ടത്. ഒന്നുകിൽ മുഖ്യമന്ത്രി ആണോ, അല്ലെങ്കിൽ പെണ്ണോ ആകണം. ഇത് രണ്ടുംഅല്ലാത്ത മുഖ്യമന്ത്രിയെ നമുക്ക് കിട്ടിയതാണ് നമ്മുടെ അപമാനം എന്നായിരുന്നു സലാമിന്റെ വാക്കുകൾ.



