എന്‍എം വിജയന്റെ ആത്മഹത്യയില്‍ കുറ്റപത്രം സമര്‍പ്പിച്ചു…ഒന്നാം പ്രതി….

വയനാട് ഡിസിസി ട്രഷറര്‍ ആയിരുന്ന എന്‍ എം വിജയനും മകന്‍ ജിജേഷും ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട ആത്മഹത്യാ പ്രേരണ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയെ ഒന്നാം പ്രതിയാക്കിയാണ് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്. ബത്തേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലാണ് അന്വേഷണ സംഘ തലവനും ബത്തേ.രി ഡിവൈഎസ്പിയുമായ കെ കെ അബ്ദുല്‍ ഷരീഫ് കുറ്റപത്രം സമര്‍പ്പിച്ചത്.
വയനാട് ഡിസിസി മുന്‍ പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍, മുന്‍ ട്രഷറര്‍ കെ കെ ഗോപിനാഥന്‍ എന്നിവരാണ് കേസിലെ രണ്ടും മൂന്നും പ്രതികള്‍. കേസില്‍ നേരത്തെ അറസ്റ്റിലായ മൂന്നു പ്രതികള്‍ക്കും മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. ബാങ്കില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് നടത്തിയ സാമ്പത്തിക ഇടപാടുകളെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് എന്‍എം വിജയന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. നിയമനക്കോഴയുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസിലും ഐസി ബാലകൃഷ്ണന്‍ എംഎല്‍എ ഒന്നാം പ്രതിയാണ്.



