‘ഇന്ത്യൻ ചലച്ചിത്ര കലയുടെ സമുന്നത പീഠത്തിൻറെ അധിപൻ’… മോഹൻ ലാലിനെ ആദരിച്ച് സംസ്ഥാന സർക്കാർ.

ദാദാ സാഹേബ് പുരസ്കാരം നേടിയ മോഹൻ മോഹൻലാലിനെ ആദരിച്ച് സംസ്ഥാന സർക്കാർ. മോഹൻലാലിനുളള അംഗീകാരം മലയാള സിനിമയ്ക്കുളള അംഗീകാരം കൂടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ത്യൻ സിനിമയുടെ വളർച്ചയ്ക്ക് മോഹൻലാൽ നൽകിയ സംഭാവനകൾക്കുളള ആദരവാണ് ഫാൽക്കെ പുരസ്‌കാരം. ഈ നേട്ടം ഓരോ മലയാളിക്കും അഭിമാനമാണ്. ഫാൽക്കെ അവാർഡിലൂടെ ഇന്ത്യൻ ചലച്ചിത്ര കലയുടെ സമുന്നത പീഠത്തിന്റെ അധിപനായി മോഹൻലാൽ മാറി. മലയാളികളെ ഇത്രത്തോളം സ്വാധീനിച്ച ഒരു വ്യക്തിത്വമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മോഹൻലാലിനെ പൊന്നാടയണിയിച്ച മുഖ്യമന്ത്രി സംസ്ഥാന സർക്കാരിൻറെ പുരസ്കാരവും കൈമാറി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ‘മലയാളം വാനോളം ലാൽസലാം’ എന്ന പേരിലാണ് മോഹൻലാലിനെ ആദരിക്കുന്ന സംസ്ഥാന സർക്കാരിൻറെ ചടങ്ങ്.
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിന്റെ പൂർണ്ണരൂപം
രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം മലയാളത്തിൻ്റെ മഹാനടൻ മോഹൻലാൽ ഇക്കഴിഞ്ഞ മാസം 23ന് ബഹുമാനപ്പെട്ട രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങുകയുണ്ടായി. ചലച്ചിത്രലോകത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഇന്ത്യയിലെ ഏറ്റവും വലിയ പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ മലയാളിയാണ് മോഹൻലാൽ. മലയാള സിനിമയെ അന്താരാഷ്ട്രതലത്തിൽ അടയാളപ്പെടുത്തിയ അടൂർ ഗോപാലകൃഷ്ണന് ഈ അംഗീകാരം ലഭിച്ചത് 2004 ലാണ്. ഇരുപത് വർഷത്തിനുശേഷമാണ് ഈ അംഗീകാരം മലയാളത്തെ തേടിയെത്തുന്നത്. സത്യജിത് റായ്, രാജ് കപൂർ, ദിലീപ് കുമാർ, ദേവാനന്ദ്, ലതാ മങ്കേഷ്കർ, മൃണാൾസെൻ, ശ്യാം ബെനഗൽ, അമിതാഭ് ബച്ചൻ തുടങ്ങി ഇന്ത്യൻ സിനിമയിലെ മഹാപ്രതിഭകൾക്കൊപ്പം അമൂല്യമായ ആ സിംഹാസനം കരസ്ഥമാക്കിയിരിക്കുകയാണ് മലയാളത്തിൻ്റെ ഈ ഇതിഹാസതാരം.
ദാദാസാഹേബ് ഫാൽക്കെയെക്കുറിച്ച് ഓർമ്മിക്കുമ്പോൾ വിസ്മരിച്ചു കൂടാത്ത ഒരു മലയാളിയുണ്ട്. രാജാരവിവർമ്മയാണത്. കിളിമാനൂരിൽ നിന്നുപോയ രാജാരവിവർമ്മ ലോണാവാലയിൽ സ്ഥാപിച്ച സ്വന്തം പ്രസ്സ് വിറ്റുനൽകിയ പണം കൊണ്ടാണ്, അദ്ദേഹത്തിൻറെ സഹായിയായിരുന്ന ഫാൽക്കെ തൻറെ ആദ്യ ചിത്രമെടുക്കുന്നത്. രാജാരവിവർമ്മ ഇന്ത്യൻ ചിത്രകലയുടെ ആചാര്യനായി. ഫാൽക്കെ ഇന്ത്യൻ ചലച്ചിത്ര കലയുടെ ആചാര്യനായി. ഫാൽക്കെയുടെ അനുഗ്രഹം ഏറ്റുവാങ്ങുന്ന മോഹൻലാൽ ഇന്ത്യൻ ചലച്ചിത്രാഭിനയ കലയുടെ സമുന്നത പീഠത്തിന് അധിപനുമായി!
മോഹൻലാലിനുള്ള അംഗീകാരം മലയാള സിനിമയ്ക്കുള്ള അംഗീകാരം കൂടിയാണ്. ഇന്ത്യൻ സിനിമയുടെ വളർച്ചയ്ക്ക് മോഹൻലാൽ എന്ന അതുല്യപ്രതിഭ നൽകിയ മഹത്തായ സംഭാവനകൾക്കുള്ള ആദരവാണ് ഈ പുരസ്കാരം. ഈ നേട്ടം ഓരോ മലയാളിക്കും അഭിമാനിക്കാനുള്ള വക നൽകുന്നു. ഈ പുരസ്കാരത്തിലൂടെ ദേശീയതലത്തിൽ നമ്മുടെ സിനിമയുടെ കലാമൂല്യം ഒരിക്കൽക്കൂടി ഉറപ്പിക്കപ്പെട്ടിരിക്കുന്നു.
മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഒരു സുവർണ നേട്ടമാണ് ഈ പുരസ്കാരം. മൂന്നു വർഷം കൂടി പിന്നിടുമ്പോൾ മലയാള സിനിമയ്ക്ക് 100 വയസ്സു തികയുകയാണ്. ശതാബ്ദിയോടടുത്ത മലയാള സിനിമയിൽ അരനൂറ്റാണ്ടുകാലമായി നിറഞ്ഞുനിൽക്കുന്ന നടനാണ് മോഹൻലാൽ. 1978-ലെ ‘തിരനോട്ടം’ എന്ന സിനിമ മുതൽ കഴിഞ്ഞ 48 വർഷക്കാലമായി മോഹൻലാൽ നമ്മോടൊപ്പമുണ്ട്. കഴിഞ്ഞ അരനൂറ്റാണ്ടിലെ മലയാളിയുടെ സിനിമാനുഭവത്തിൽ ഏറ്റവും സൂക്ഷ്മമായി ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു മോഹൻലാൽ സൃഷ്ടിച്ച കഥാപാത്രങ്ങൾ നൽകിയ ഭാവാനുഭവങ്ങൾ.
പ്രണയവും പകയും പ്രതികാരവും നൃത്തവും സംഗീതവും ലഹരിയും ഉന്മാദവും തിളച്ചു മറിയുന്ന വേഷപ്പകർച്ചകളായിരുന്നു അതെല്ലാം. അതുകൊണ്ട് നിത്യജീവിതത്തിൽ ഇടയ്ക്കെല്ലാം മോഹൻലാലായിപ്പോവുക എന്നതുപോലും ചില മലയാളികളുടെ ശീലമായി.
നടപ്പിലും ഇരിപ്പിലും നോട്ടത്തിലും ശരീരഭാഷയിലും ഇത്രത്തോളം മലയാളിയെ സ്വാധീനിച്ച അധികം താരങ്ങളില്ല. മലയാളിയുടെ അപരവ്യക്തിത്വം അഥവാ ആൾട്ടർ ഈഗോയാണ് മോഹൻലാൽ എന്ന് ബ്രിട്ടീഷ് നരവംശശാസ്ത്രജ്ഞരായ ഫിലിപ്പോ ഒസെല്ലയും കരോളിൻ ഒസെല്ലയും എഴുതിയത് അതുകൊണ്ടാവണം. പ്രായഭേദമന്യെ മലയാളികൾ ലാലേട്ടൻ എന്നാണ് വിളിക്കുന്നത്. നമ്മുടെ വീട്ടിലെ ഒരംഗമായി, അല്ലെങ്കിൽ തൊട്ടയൽപക്കത്തെ പ്രിയപ്പെട്ട ഒരാളായി മോഹൻലാലിനെ മലയാളികൾ കാണുന്നു. സ്ക്രീനിലും സ്ക്രീനിനു പുറത്തും ആ സ്നേഹവും ആദരവും മലയാളികൾ മോഹൻലാലിന് നൽകിപ്പോരുന്നു.
മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വഴക്കമേറിയ നടനശരീരമാണ് മോഹൻലാലിൻറേത്. എത്രയോ തവണ ആയാസരഹിതമായ ആ അഭിനയശൈലി മലയാളികൾ കണ്ടു. ‘ചിത്ര’വും ‘കിലുക്ക’വും ‘വന്ദന’വും ‘തേന്മാവിൻ കൊമ്പത്തു’മെല്ലാം അസാമാന്യമായ ആ മെയ്വഴക്കത്തിനുള്ള ഉദാഹരണങ്ങളാണ്. ജീവിതത്തിൻറെ സമരമുഖങ്ങളിലെല്ലാം തോറ്റുപോവുന്ന, നിരായുധരായ പോരാളികളായ ചില കഥാപാത്രങ്ങൾക്ക് നെഞ്ചുലയ്ക്കുംവിധം ലാൽ ജീവൻ പകർന്നപ്പോൾ പല മലയാളികളും ആ കഥാപാത്രങ്ങൾക്കൊപ്പം നിശ്ശബ്ദമായി കരഞ്ഞു.
‘കിരീട’വും ‘ഭരത’വും ‘കമലദള’വും ‘ദശരഥ’വുമെല്ലാം നാം അങ്ങനെ നെഞ്ചിലേറ്റിയ സിനിമകളാണ്. ‘ഹിസ് ഹൈനസ് അബ്ദുള്ള’ പോലുള്ള സംഗീതപ്രധാനമായ സിനിമകളിൽ സെമിക്ളാസിക്കൽ ഗാനങ്ങൾക്കനുസരിച്ച് സ്വരസ്ഥാനം തെറ്റാതെ ദ്രുതഗതിയിൽ ചുണ്ട് ചലിപ്പിച്ചും ചടുലമായ ചുവടുകൾ വെച്ചും ലാൽ ആസ്വാദകരെ വിസ്മയിപ്പിച്ചു. 18-ാം വയസ്സിൽ ‘തിരനോട്ടം’ എന്ന പടത്തിൽ തുടങ്ങി ഈ 65-ാം വയസ്സിലും അദ്ദേഹം തൻറെ അഭിനയസപര്യ അനുസ്യൂതം തുടരുന്നു. കഴിഞ്ഞ 48 വർഷങ്ങളിൽ 360ൽപ്പരം സിനിമകളിൽ മോഹൻലാൽ വേഷമിട്ടിട്ടുണ്ട്.
1986ൽ 34 സിനിമകളിൽ അദ്ദേഹം അഭിനയിച്ചിരുന്നു. ഇന്നത്തെ യുവനടന്മാർ പലരും പ്രതിവർഷം മൂന്നോ നാലോ സിനിമകൾ മാത്രമേ ചെയ്യുന്നുള്ളൂ. അത് അറിയുമ്പോഴാണ്, വൈവിധ്യമാർന്ന ശൈലികളുള്ള നിരവധി സംവിധായകർക്കും വ്യത്യസ്ത പ്രമേയങ്ങളുമായി വന്ന നിരവധി തിരക്കഥാകൃത്തുക്കൾക്കുമായി അദ്ദേഹം തൻറെ കഴിവും സമയവും ഊർജ്ജവും ഒരുവർഷം 34 സിനിമകളിൽ സമർപ്പിച്ചത്. അതോർത്ത് നാം അദ്ഭുതംകൊള്ളുക! അങ്ങനെ അനവധി അഭിനയ പരീക്ഷണങ്ങളാലും നിരന്തര പരിശീലനത്താലും കടഞ്ഞെടുത്ത അസാമാന്യ വഴക്കമുള്ള താരസാന്നിധ്യമായി മോഹൻലാൽ മാറി. അതുകൊണ്ടുതന്നെ അപാരമായ വൈവിധ്യം നിറഞ്ഞ വേഷപ്പകർച്ചകളാണ് കഴിഞ്ഞ നാലരപ്പതിറ്റാണ്ടു കാലമായി നാം കണ്ടുവരുന്നത്.
1980ൽ’څമഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന ചിത്രത്തിൽ നായകൻറെ പ്രതിയോഗിയായാണ് മോഹൻലാൽ രംഗപ്രവേശം ചെയ്തത്. പിന്നീട് എൺപതുകളിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രങ്ങൾ ഏറെയും മധ്യവർഗ മലയാളിയുവാവിൻറെ ജീവിതപ്രശ്നങ്ങൾ ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നവയായിരുന്നു. നാടോടിക്കാറ്റ്, സൻമനസ്സുള്ളവർക്ക് സമാധാനം, ടി.പി ബാലഗോപാലൻ എം.എ തുടങ്ങിയ സത്യൻ അന്തിക്കാട് ചിത്രങ്ങളിലൂടെ അയൽപക്കത്തെ പയ്യൻ എന്ന പ്രതിച്ഛായ മോഹൻലാൽ സ്വന്തമാക്കി. പ്രാരാബ്ധങ്ങളുമായി മല്ലിടുന്ന മലയാളി ചെറുപ്പക്കാരുടെ മനസ്സ് കവരുകയും നമ്മുടെ കുടുംബങ്ങളുടെ കണ്ണിലുണ്ണിയായി മാറുകയും ചെയ്തു മോഹൻലാൽ. എം ടിയുടെയും പത്മരാജൻറെയും ലോഹിതദാസിൻറെയും ശ്രീനിവാസൻറെയും തിരക്കഥയിൽ എഴുതപ്പെട്ട കഥാപാത്രങ്ങൾക്ക് മോഹൻലാൽ ജീവൻ പകരുമ്പോൾ അവയിൽ നാം കണ്ടത് നമ്മുടെ സ്വന്തം ജീവിതത്തിൻറെ പ്രതിഫലനങ്ങളാണ്.
1980 മുതൽ 2025 വരെയുള്ള കേരളത്തിൻ്റെ നാലരപ്പതിറ്റാണ്ടുകാലത്തെ സാമൂഹികവും സാംസ്കാരികവുമായ വികാസപരിണാമങ്ങളും ഈ കാലയളവിലെ മലയാളിയുടെ വൈകാരികജീവിതവും മൂല്യബോധങ്ങളും സംഘർഷങ്ങളും ദൃശ്യപരമായ അനുഭവരേഖ തന്നെയാണ് മോഹൻലാൽച്ചിത്രങ്ങൾ എന്ന് നിസ്സംശയം പറയാം. അത്രമേൽ സ്വാഭാവികമായാണ് മോഹൻലാൽ ഈ കാലയളവിലെ മലയാളിയെ തിരശ്ശീലയിൽ പകർത്തിവെച്ചത്.
അന്താരാഷ്ട്ര തലത്തിൽ മലയാളത്തിൻറെ യശസ്സുയർത്തിയ ‘വാനപ്രസ്ഥം’ എന്ന ചിത്രത്തിലെ മോഹൻലാലിൻറെ പ്രകടനം അവിസ്മരണീയമാണ്. അരപ്പട്ടിണിക്കാരനായ ഒരു കഥകളിനടൻറെ വേഷം അയത്നലളിതമായാണ് അദ്ദേഹം അവതരിപ്പിച്ചത്. വർഷങ്ങളുടെ നിരന്തര പരിശീലനം ആവശ്യമുള്ള കഥകളിവേഷത്തെ, വിസ്മയിപ്പിക്കുന്ന പൂർണതയോടെ അദ്ദേഹം തിരശ്ശീലയിൽ എത്തിച്ചു.
ആവശ്യത്തിന് കഥകളി പരിശീലനമില്ലാതിരുന്നിട്ടും ഇത്തരമൊരു തലത്തിലേക്ക് ആ കഥാപാത്രത്തെ കൊണ്ടുവരാൻ കഴിഞ്ഞത് അദ്ദേഹത്തിൻറെ പ്രതിഭ ഒന്നുകൊണ്ടു മാത്രമാണെന്ന് ചിത്രത്തിൽ കൂടെ അഭിനയിച്ച കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി പറയുകയുണ്ടായി. 1999-ൽ കാൻ ചലച്ചിത്രമേളയിൽ ഒഫീഷ്യൽ സെലക്ഷൻ ലഭിച്ച ചിത്രമാണിത്. ലോകത്തിൻറെ തെറ്റായ കോണിൽ ജനിച്ചുപോയതുകൊണ്ടു മാത്രം ഓസ്കർ കിട്ടാതെ പോയ പ്രതിഭയെന്ന് ‘വാനപ്രസ്ഥം’ കണ്ട ഫ്രഞ്ചുകാർ പറഞ്ഞപ്പോൾ ഇവിടെ ജനിച്ചതുകൊണ്ടാണ് ഇത്രയും നല്ല വേഷങ്ങൾ കിട്ടിയത് എന്ന് വിനയാന്വിതനായി മറുപടി നൽകിയ മോഹൻലാലിനെ മലയാളിക്ക് അഭിമാനത്തോടെയല്ലാതെ കാണാനാവില്ല. ആ വാക്കുകളിൽ നിറഞ്ഞുനിൽക്കുന്ന കേരളമെന്ന വികാരം മാതൃകാപരമാണെന്നു പറയട്ടെ.
കാവാലം നാരായണപ്പണിക്കർ സംവിധാനം ചെയ്ത ‘കർണഭാരം’ എന്ന സംസ്കൃത നാടകം മോഹൻലാൽ ഡൽഹി നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ അവതരിപ്പിക്കുകയുണ്ടായി. മഹാഭാരതകഥയെ ആധാരമാക്കിയുള്ള ‘ഛായാമുഖി’ എന്ന നാടകത്തിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. അങ്ങനെ തിരശ്ശീലയ്ക്കു പുറമെ അരങ്ങിലും തൻറെ അഭിനയകലയുടെ അപാരത മോഹൻലാൽ കാട്ടിത്തന്നു.
‘അഭിനയകലയുടെ പാഠപുസ്തകം’ എന്നാണ് അദ്ദേഹത്തിനു പിന്നാലെ സിനിമയിൽ വന്ന പല നടന്മാരും അദ്ദേഹത്തെക്കുറിച്ച് അഭിപ്രായപ്പെട്ടിട്ടുള്ളത്. അഭിനയകലയോടും സിനിമ എന്ന മാധ്യമത്തോടുമുള്ള മോഹൻലാലിൻറെ ആത്മാർത്ഥതയും അർപ്പണബോധവും പുതുതലമുറ മാതൃകയാക്കേണ്ടതാണ്.
കേരളത്തിൻറെ അതിരുകൾ കടന്നും ഈ അഭിനയവിസ്മയം സഞ്ചരിച്ചിട്ടുണ്ട്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും മോഹൻലാൽ അഭിനയിച്ചുവരുന്നു. മണിരത്നത്തിൻറെ ‘ഇരുവർ’ എന്ന തമിഴ് ചിത്രത്തിൽ എം ജി ആറിനെ അനുസ്മരിപ്പിക്കുന്ന ആനന്ദൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മോഹൻലാലിൻറെ അഭിനയം അദ്ദേഹത്തിൻറെ ചലച്ചിത്ര ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനമായിരുന്നു. എക്കാലത്തെയും മികച്ച സിനിമകളിലൊന്നായി ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് തെരഞ്ഞെടുത്ത ചിത്രമാണിത്. രാംഗോപാൽ വർമ്മയുടെ ‘കമ്പനി’ എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു ബോളിവുഡിലെ അദ്ദേഹത്തിൻറെ അരങ്ങേറ്റം. അദ്ദേഹത്തിൻറെ ഏറ്റവും പുതിയ തെലുങ്ക് ചിത്രം ‘വൃഷഭ’ ഈ മാസം പ്രദർശനത്തിന് ഒരുങ്ങുകയാണ്. തമിഴ്, കന്നട, ഹിന്ദി, മലയാളം പതിപ്പുകളുള്ള ഒരു പാൻ ഇന്ത്യൻ ചിത്രമാണിത്. ദക്ഷിണേന്ത്യയിലെ ഏറ്റവും വിപണിമൂല്യമുള്ള സൂപ്പർതാരം കൂടിയായി മോഹൻലാൽ മാറിയിരിക്കുന്നുവെന്നതിൻറെ തെളിവാണിത്. ഒരേസമയം നല്ല നടനും ജനപ്രീതിയുള്ള താരവും ആയിരിക്കുക എന്നത് എളുപ്പമല്ല. പക്ഷേ മോഹൻലാലിന് നൈസർഗികമായ കഴിവുകൾ കൊണ്ട് അത് അനായാസം സാധിക്കുന്നു.
മലയാള ചലച്ചിത്രവ്യവസായത്തിൻറെ നെടുംതൂണായി നിൽക്കുന്ന ചലച്ചിത്ര നിർമ്മാതാവ് കൂടിയാണ് അദ്ദേഹം. പ്രദർശന വിജയം നേടിയ നിരവധി സിനിമകൾ അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. കലാമൂല്യവും വാണിജ്യമൂല്യവുമുള്ള സിനിമകളാണ് അദ്ദേഹം നിർമ്മിക്കുന്നത്. 1990-കളിൽ പ്രണവം ആർട്സ് എന്ന പേരിൽ സിനിമകൾ നിർമ്മിച്ചു തുടങ്ങി. ‘ഭരതം’, ‘കാലാപാനി’, ‘വാനപ്രസ്ഥം’ തുടങ്ങിയ ചിത്രങ്ങളിലായിരുന്നു തുടക്കം. 2000 മുതൽ കഴിഞ്ഞ കാൽനൂറ്റാണ്ടുകാലമായി ആശിർവാദ് സിനിമാസിൻറെ ബാനറിൽ വലിയ ബജറ്റിലുള്ള സിനിമകൾ ഒരുക്കി തിയേറ്ററുകൾ നിറച്ചുകൊണ്ട് മലയാള ചലച്ചിത്ര വ്യവസായത്തെ താങ്ങിനിർത്തുകയും ചെയ്യുന്നു മോഹൻലാൽ.
1991ൽ ‘ഭരതം,’ 1999ൽ ‘വാനപ്രസ്ഥം’ എന്നീ ചിത്രങ്ങളിലൂടെ രണ്ടു തവണ ഇന്ത്യയിലെ ഏറ്റവും മികച്ച നടനുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ സ്പെഷ്യൽ ജൂറി അവാർഡും ജൂറി പരാമർശവുമായി നാലു തവണ ദേശീയതലത്തിൽ ഈ അഭിനയപ്രതിഭ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ ഒമ്പതു തവണയാണ് മോഹൻലാലിനെ തേടിയെത്തിയത്. പത്മശ്രീ, പത്മഭൂഷൺ, രണ്ട് സർവകലാശാലകളുടെ ഡിലിറ്റ് ബിരുദങ്ങൾ, ലെഫ്റ്റനൻറ് കേണൽ പദവി തുടങ്ങി മറ്റ് നിരവധി അംഗീകാരങ്ങൾ. അക്കൂട്ടത്തിലാണ് ഈ പരമോന്നത ബഹുമതിയുടെ പതക്കവും ചേർത്തുവെയ്ക്കപ്പെടുന്നത്.
കഴിഞ്ഞ അരനൂറ്റാണ്ടോളമായി മലയാളിക്ക് എന്നും അഭിമാനിക്കാനുള്ള നേട്ടങ്ങൾ ഉണ്ടാക്കിത്തരുന്ന മലയാളത്തിൻ്റെ ഇതിഹാസ താരം മോഹൻലാലിനെ സംസ്ഥാന സർക്കാർ അനുമോദിക്കുന്നു; കൂടുതൽ ഉയരങ്ങളിലേക്കെത്താൻ അദ്ദേഹത്തിനു കഴിയട്ടെ എന്നാശംസിച്ചു കൊണ്ട് അവസാനിപ്പിക്കുന്നു.



