കൊച്ചി തീരത്ത് മത്സ്യബന്ധന വള്ളത്തില്‍ കപ്പല്‍ ഇടിച്ച് അപകടം.. 40 പേർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.. 10 ലക്ഷത്തിന് മുകളിൽ നഷ്ടം…

കൊച്ചി തീരത്ത് മത്സ്യബന്ധന വള്ളത്തില്‍ കപ്പലിടിച്ച് അപകടം. എംഎസ്സി കമ്പനിയുടെ കപ്പലാണ് കണ്ണമാലിക്ക് സമീപം പുറം കടലില്‍ വള്ളത്തില്‍ ഇടിച്ചത് .ഫോട്ട് കൊച്ചിയില്‍ നിന്നും തെക്ക് മാറി 53 നോര്‍ത്തിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ എംഎസ്സി ചരക്ക് കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിക്കുകയായിരുന്നു.
ഇന്ന് വൈകീട്ട് 5.30 ഓടെയാണ് സംഭവം. പ്രത്യാശ എന്ന മത്സ്യബന്ധന വള്ളത്തിലാണ് കപ്പൽ ഇടിച്ചത്. വള്ളത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് തൊഴിലാളികൾ പറയുന്നു. മത്സ്യബന്ധനം നടത്തുന്നതിനിടെ ചരക്ക് കപ്പൽ മത്സ്യബന്ധന വള്ളത്തില്‍ ഇടിക്കുകയായിരുന്നുവെന്നാണ് തൊഴിലാളികൾ പറയുന്നത്. ഈ സമയം വള്ളത്തിൽ നാല്പതോളം പേരുണ്ടായിരുന്നു. ആർക്കും പരിക്കില്ല. തൊഴിലാളികൾ കൊച്ചിൻ കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അന്വേഷണം ആരംഭിച്ചു.
അപകടത്തില്‍ വള്ളത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു.വലയില്‍ കുടുങ്ങിയ മത്സ്യങ്ങൾ നഷ്ടപ്പെട്ടതിലൂടെ മാത്രം ഏതാണ്ട് 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പ്രത്യാശ വള്ളത്തിലെ തൊഴിലാളിയായ ജോസഫ് പറയുന്നു.നാളെ രാവിലെ വല പുറത്തെടുത്താല്‍ മാത്രമേ എത്ര രൂപയുടെ വല നഷ്ടപ്പെട്ടെന്ന് കണക്ക് കൂട്ടാന്‍ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഴ്ചകൾക്ക് മുമ്പ് കടലില്‍ വീണ കണ്ടെയ്നറില്‍ വല കുടുങ്ങി ലക്ഷങ്ങളുടെ നഷ്ടം നേരിട്ടിരുന്നു. ഇതിന് പിന്നാലെ കടം വാങ്ങിയാണ് പുതിയ വല ഇറക്കിയത്. അതിന് ശേഷം വള്ളത്തിന് ലഭിച്ച ആദ്യത്തെ നല്ല കോളായിരുന്നു ഇന്നത്തേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏറെ കാലത്തിന് ശേഷമാണ് തങ്ങളുടെ വള്ളത്തിന് കാര്യമായ ഒരു കോള്‍ കിട്ടിയതെന്നും അത് നഷ്ടമായെന്നും അദ്ദേഹം പറയുന്നു.




