രാവിലെ നടക്കാനിറങ്ങിയ എംപിയുടെ 4 പവന്‍റെ സ്വർണമാല പൊട്ടിച്ചു.. അമിത് ഷായ്ക്ക് കത്തുമായി കോൺഗ്രസ് എംപി..

രാജ്യതലസ്ഥാനത്ത് പ്രഭാത നടത്തത്തിനിടെ തന്‍റെ മാല പൊട്ടിച്ചതായി കോൺഗ്രസ് എം പി സുധാ രാമകൃഷ്ണൻ പൊലീസിൽ പരാതി നൽകി. തമിഴ്‌നാട്ടിലെ മയിലാടുതുറൈയിൽ നിന്നുള്ള ലോക്‌സഭാ അംഗമായ സുധാ രാമകൃഷ്ണൻ, ഡിഎംകെ എം പി രാജാത്തിയോടൊപ്പം ചാണക്യപുരിയിലെ പോളിഷ് എംബസിക്ക് സമീപം നടക്കാനിറങ്ങിയപ്പോഴാണ് സംഭവം. മുഖംമൂടി ധരിച്ചെത്തിയ ഒരാൾ സ്കൂട്ടറിൽ വന്ന് തന്‍റെ മാല തട്ടിയെടുത്തതായി ദില്ലിയിലെ ക്രമസമാധാനം കൈകാര്യം ചെയ്യുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് എഴുതിയ കത്തിൽ എംപി ചൂണ്ടിക്കാട്ടി.

“പുലർച്ചെ 6.15-നും 6.20-നും ഇടയ്ക്ക് പോളണ്ട് എംബസിയുടെ ഗേറ്റ് 3-നും 4-നും സമീപത്തായിരിക്കുമ്പോൾ, ഹെൽമെറ്റ് ധരിച്ച് മുഖം പൂർണ്ണമായി മറച്ച് സ്കൂട്ടറിൽ എതിർദിശയിൽ നിന്ന് വന്ന ഒരാൾ എന്‍റെ സ്വർണ്ണമാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞു” പാർലമെന്‍റിന്‍റെ മൺസൂൺ സമ്മേളനത്തിൽ പങ്കെടുക്കുന്നിനായി ദില്ലിയിലുള്ള സുധാ രാമകൃഷ്ണൻ പറഞ്ഞു.

“സാധാരണ വേഗതയിൽ എതിർദിശയിൽ നിന്ന് വന്നതുകൊണ്ട് ഇയാൾ ഒരു മാല പൊട്ടിക്കാനായി വരുന്നതാണെന്ന് സംശയിച്ചില്ല. കഴുത്തിൽ നിന്ന് മാല വലിച്ചെടുത്തപ്പോൾ പരിക്കേൽക്കുകയും ചുരിദാർ കീറുകയും ചെയ്തു. താഴെ വീഴാതെ കഷ്ടിച്ചാണ് പിടിച്ചുനിന്നത്. ഞങ്ങൾ രണ്ടുപേരും സഹായത്തിനായി നിലവിളിച്ചു” സുധാ രാമകൃഷ്ണൻ കൂട്ടിച്ചേർത്തു

Related Articles

Back to top button