കന്യാസ്ത്രീകളുടെ അറസ്റ്റ്.. പ്രതിഷേധം തുടരും.. പള്ളികളിൽ ഇടയലേഖനം വായിച്ചു….
ചത്തീസ്ഗഢിൽ കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ഇരിങ്ങാലക്കുട രൂപതയുടെ പള്ളികളിൽ ഇടയലേഖനം വായിച്ചു. അറസ്റ്റിൽ പ്രതിഷേധം തുടരുമെന്നാണ് ഇടയലേഖനം. ജാമ്യം ലഭ്യമായാലും നിയമക്കുരിക്കൂലൂടെ മുന്നോട്ട് പോകേണ്ടി വരുന്ന കന്യാസ്ത്രീകളുടെ അവസ്ഥ പ്രതിഷേധാർഹമാണെന്ന് ഇടയലേഖനം.പാർലമെന്റിന് അകത്തും പുറത്തും പ്രതിഷേധം ഉണ്ടായിട്ടും കേന്ദ്രസർക്കാർ വിഷയത്തിൽ ഇടപെട്ടില്ലെന്ന് ഇടയലേഖനത്തിൽ കുറ്റപ്പെടുത്തൽ. കന്യാസ്ത്രീകളുടെ മോചനത്തിൽ കേന്ദ്രസർക്കാരോ ഛത്തീസ്ഗഡ് സർക്കാരോ ഇടപെടലുകൾ നടത്തിയിട്ടില്ലെന്നത് നിരാശാജനകമാണെന്നും ഇടയലേഖനത്തിൽ പറയുന്നു. രാജ്യത്തെ നിയമങ്ങൾക്കും മത സ്വാതന്ത്രത്തിനും എതിരായി വ്യക്തികളെ ഭീഷണിപ്പെടുത്തുന്നതും അന്യായമായി തടവിൽ വയ്ക്കുന്നതും ആൾക്കൂട്ട വിചാരണ നടത്തുന്നതും എതിർക്കപ്പെടണമെന്ന് പള്ളികളിൽ വായിച്ച ഇടയലേഖനത്തിൽ ആവശ്യപ്പെട്ടു.
അതേസമയം കന്യാസ്ത്രീകളുടെ അറസ്റ്റിൽ ഇന്നും നാളെയും എൽഡിഎഫിന്റെ പ്രതിഷേധം നടത്തും. ഛത്തീസ്ഗഡിലെ ബിജെപി സർക്കാർ സംഘപരിവാർ അജണ്ട നടപ്പാക്കുന്നു എന്ന് ആരോപിച്ചാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. നിയമസഭാ മണ്ഡലം കേന്ദ്രീകരിച്ചാണ് പ്രതിഷേധം നടക്കുക. ഇന്നും നാളെയുമായി 140 നിയമസഭാ മണ്ഡലങ്ങളിലും നടക്കുന്ന പ്രതിഷേധത്തിന് പ്രധാന നേതാക്കൾ നേതൃത്വം നൽകും



