രോഗിയെ ആശുപത്രിയിലെത്തിച്ചു.. മരിച്ചതോടെ യുവാവിന് ജയിലിൽ കിടക്കേണ്ടി വന്നത് 13 മാസം..

ദയനീയമാണ് വാടകമുറിയിലെ ആ യുവാവിന്റെ ഇരിപ്പ്. അതിലും ദയനീയമാണ് അയാളുടെ ജീവിതം. ഒരു തെറ്റും ചെയ്യാതെ ചിതറിപ്പോയ തന്റെ ജീവിതത്തെ കൂട്ടിയോജിപ്പിക്കാനുള്ള കഠിനശ്രമത്തിലാണ് രാജേഷ് വിശ്വകര്‍മ. മധ്യപ്രദേശ് ഭോപ്പാലിലെ ആദര്‍ശ് നഗര്‍ ചേരിയിലാണ് രാജേഷിപ്പോഴുള്ളത്. 395 ദിവസം ജയിലില്‍ കിടന്നിട്ട് തിരിച്ചെത്തിയതാണ് രാജേഷ്, ചെയ്ത കുറ്റമാകട്ടെ രോഗിയായ അയല്‍വാസിയെ ആശുപത്രിയിലെത്തിച്ചതും. സ്വന്തമായി ഭൂമിയോ മാതാപിതാക്കളോ നിയമപരിജ്ഞാനമോ ഇല്ലാത്ത, ദിവസക്കൂലിക്കാരനായ ഒരു സാധാരണ മനുഷ്യന്‍ ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ കിടക്കേണ്ടി വന്നു എന്നതാണ് വാസ്തവം. ഇപ്പോള്‍ ജോലിയില്ല, 13 മാസം പൂട്ടിയിട്ട വീടിന് വാടക കുടിശ്ശിക നല്‍കണം, എന്തുചെയ്യണമെന്നറിയാതെ നിസ്സഹായനായിരിക്കുകയാണിയാള്‍.

2024 ജൂണ്‍ 16നാണ് രാജേഷിന്റെ ജീവിതത്തെ കൂടുതല്‍ യാതനയിലേക്കെത്തിച്ച സംഭവം നടന്നത്. അയല്‍പക്കത്തെ വേദനയനുഭവിക്കുകയായിരുന്ന സ്ത്രീയെ രാജേഷ് ജിഐജി ബംഗ്ലാവിന് സമീപത്തുള്ള ആശുപത്രിയിലെത്തിച്ചു. അവിടെ അവര്‍ക്ക് ചികിത്സ ഉറപ്പാക്കി അയാള്‍ ജോലിയ്ക്ക് പോകുകയും ചെയ്തു. അന്ന് വൈകുന്നേരം ആ സ്ത്രീ മരിച്ചു. പിറ്റേദിവസം രാവിലെ കൊലപാതകക്കുറ്റത്തിന് രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. അവര്‍ എന്നോട് ആശുപത്രിയിലെത്തിക്കാമോന്ന് ചോദിച്ചു. ഞാന്‍ കൊണ്ടുപോയി. വൈകുന്നേരം പോലീസ് എന്നെത്തേടി വന്നു. ചോദ്യം ചെയ്തു. പിറ്റേദിവസം രാവിലെ എന്നെ അറസ്റ്റ് ചെയ്തു. ആ സ്ത്രീയെ ചികിത്സയ്ക്കാണ് ആശുപത്രിയില്‍ കൊണ്ടുപോയതെന്ന് ഞാന്‍ പോലീസുകാരോട് പറഞ്ഞു. പക്ഷെ എന്റെ വീട്ടുകാരോട് സംസാരിക്കാന്‍ അവര്‍ സമ്മതിച്ചില്ല. എന്നെ ഒന്‍പത് ദിവസം സ്റ്റേഷനില്‍ വെച്ചു. അവിടെനിന്ന് നേരം ജയിലിലേക്കയച്ചു. വക്കീലിനെ വെക്കാന്‍ എന്റെ കയ്യില്‍ പണമുണ്ടായിരുന്നില്ല, രാജേഷ് പറഞ്ഞു.

ജയിലില്‍ കിടന്നയാളായതിനാല്‍ ആരും ജോലി നല്‍കുന്നില്ലെന്ന് രാജേഷ് പറയുന്നു. കേസില്‍ ഒരു കൊല്ലം വിചാരണ പോലും നടന്നില്ല. വക്കീലിനെ വെക്കാന്‍ ആരുമുണ്ടായിരുന്നില്ല. ആകെയുള്ള സഹോദരി കമലേഷിന്റെ കുടുംബമാകട്ടെ അര്‍ധപട്ടിണിയിലും. സഹോദരന്‍ അറസ്റ്റിലായ വിവരം സഹോദരി അറിഞ്ഞതുതന്നെ ഒന്‍പത് ദിവസം കഴിഞ്ഞാണ്. രാജേഷിന്റെ ഫോണും ആധാര്‍ കാര്‍ഡും വാങ്ങാന്‍ പോലീസ് സ്‌റ്റേഷനിലെത്തിയ സഹോദരിയെ പോലീസ് ആട്ടിപ്പായിച്ചതായി ഇവര്‍ പറയുന്നു. പോലീസ് കൃത്യമായ അന്വേഷണം നടത്തിയില്ലെന്നും അങ്ങനെയുണ്ടായെങ്കില്‍ സഹോദരന് ഈ ഗതി വരില്ലായിരുന്നുവെന്നും കമലേഷ് കൂട്ടിച്ചേര്‍ത്തു.

രാജേഷിനുവേണ്ടി കോടതിയാണ് അഭിഭാഷകയെ അനുവദിച്ചുനല്‍കിയത്. വിചാരണയില്‍ രാജേഷ് നിരപരാധിയാണെന്ന് കോടതിയ്ക്ക് ബോധ്യപ്പെടുകയും വിട്ടയയ്ക്കുകയും ചെയ്തു. പക്ഷെ കൃത്യമായ അന്വേഷണം നടത്താത്തതിന്റെ പേരില്‍ രാജേഷിന് ജയിലില്‍ കഴിയേണ്ടിവന്നു. ജയില്‍വാസം കഴിഞ്ഞെത്തിയ രാജേഷിനോട് ആള്‍ക്കാര്‍ അകല്‍ച്ച പാലിക്കുന്നു. രാജേഷ് ആശുപത്രിയിലെത്തിച്ച സ്ത്രീ രോഗം മൂലമാണ് മരിച്ചതെന്ന് സ്ഥിരീകരിക്കുന്ന രേഖകള്‍ ഉണ്ടായിരുന്നു. പക്ഷെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതണെന്ന രേഖപ്പെടുത്തിയതാണ് രാജേഷിന് വിനയായത്. എന്നാല്‍ മരണസമയത്തിന് എത്രയോ മുന്‍പ് രാജേഷ് ആശുപത്രിയില്‍ നിന്ന് പോയിരുന്നതായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ തന്നെ മനസ്സിലാകുമായിരുന്നുവെന്ന് രാജേഷിന്റെ അഭിഭാഷക റീന വര്‍മ പറഞ്ഞു. തന്റെ നിരപരാധിത്വം സമൂഹം അംഗീകരിക്കുമെന്നുള്ള നേരിയ പ്രതീക്ഷയിലാണ് ഇപ്പോള്‍ രാജേഷ് ജീവിക്കുന്നത്.

Related Articles

Back to top button