മിഥുന്റെ മരണം.. തേവലക്കര സ്‌കൂൾ മാനേജ്‌മെന്റ് പിരിച്ചുവിട്ടു.. ഭരണം സർക്കാർ ഏറ്റെടുത്തു..
കൊല്ലം ശാസ്താംകോട്ട തേവലക്കര സ്‌കൂളില്‍ വിദ്യാര്‍ഥിയായ മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഗുരുതര വീഴ്ച കണ്ടെത്തിയ പശ്ചാത്തലത്തില്‍ മാനേജ്‌മെന്റിനെ പിരിച്ചുവിട്ടതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. തേവലക്കര സ്‌കൂളിന്റെ ഭരണം കൊല്ലം വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ക്ക് കൈമാറി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കൊല്ലം തേവലക്കര ബോയ്സ് ഹൈസ്‌ക്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥി മിഥുന്റെ ആകസ്മിക വേര്‍പാട് കേരളത്തെയാകെ ദുഃഖത്തില്‍ ആഴ്ത്തിയ സംഭവമാണ്. സംഭവവുമായി ബന്ധപ്പെട്ട് മാനേജര്‍ കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ പാലിക്കുന്നതില്‍ ഗുരുതര വീഴ്ചയാണ് വരുത്തിയത്. മാനേജര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നും മന്ത്രി വ്യക്തമാക്കി.
മന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്റെ പൂര്‍ണരൂപം:
ആയിരത്തി തൊള്ളായിരത്തി അമ്പത്തിയെട്ടിലെ കേരള വിദ്യാഭ്യാസ ആക്റ്റ് സെക്ഷന്‍ പതിനാലിന്റെ അടിസ്ഥാനത്തില്‍ ഏതെങ്കിലും എയ്ഡഡ് വിദ്യാലയത്തിന്റെ മാനേജര്‍ ഈ ആക്റ്റിനാലോ ആക്റ്റിന്‍ കീഴിലോ അല്ലെങ്കില്‍ അതിന്‍ കീഴില്‍ ഉണ്ടാക്കിയ ചട്ടങ്ങളാലോ ചുമത്തപ്പെട്ട കൃത്യങ്ങളില്‍ വല്ലതും നിര്‍വ്വഹിക്കുന്നതില്‍ ഉപേക്ഷ കാണിച്ചിട്ടുണ്ടെന്നും പൊതുതാല്‍പര്യം മുന്‍ നിര്‍ത്തി അഞ്ച് വര്‍ഷത്തില്‍ കഴിയാത്ത കാലത്തില്‍ പ്രസ്തുത വിദ്യാലയത്തിന്റെ മാനേജ്മെന്റ് ഏറ്റെടുക്കുന്നത് ആവശ്യമാണെന്ന് ഗവണ്‍മെന്റിന് തോന്നുമ്പോഴെല്ലാം നിര്‍ദ്ദിഷ്ട കാര്യങ്ങള്‍ക്ക് എതിരായി കാരണം ബോധിപ്പിക്കാന്‍ ന്യായമായ ഒരു അവസരം മാനേജര്‍മാര്‍ക്കും ഏതെങ്കിലും വിദ്യാഭ്യാസ ഏജന്‍സി ഉണ്ടെങ്കില്‍ ആ ഏജന്‍സിയ്ക്ക് നല്‍കുകയും എന്തെങ്കിലും കാരണം കാണിച്ചിട്ടുണ്ടെങ്കില്‍ അത് പരിഗണിച്ച ശേഷം പൊതു താല്‍പര്യാര്‍ത്ഥം ആ കാലത്തേക്ക് അങ്ങനെ ഏറ്റെടുക്കുന്നത് ആവശ്യമാണെന്ന് ബോധ്യമായാല്‍ ഗവണ്‍മെന്റിന് അങ്ങനെ ചെയ്യാവുന്നതാണ്. തേവലക്കര സ്‌കൂളിലെ അപകടമരണവുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ ഗുരുതരമായ വീഴ്ചകള്‍ ഉണ്ടായിട്ടുള്ളതായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തേവലക്കര ബോയ്സ് ഹൈസ്‌കൂളിലെ മാനേജരെ പിരിച്ചുവിട്ട് സ്‌കൂളിന്റെ ഭരണം കൊല്ലം വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ക്ക് കൈമാറിക്കൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്നും വി ശിവന്‍കുട്ടി അറിയിച്ചു.
സര്‍ക്കാര്‍ ഈ സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി തന്നെ ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചു വരികയാണ്. മിഥുന്‍ കേരളത്തിന്റെ മകനാണ്. മിഥുന്റെ കുടുംബത്തിന് പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌കൗട്ട്സ് ആന്റ് ഗെയിഡ്സ് മുഖാന്തിരം വീട് വെച്ച് നല്‍കുന്നതിനും ധനസഹായമായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പിഡി അക്കൗണ്ടില്‍ നിന്നും മൂന്ന് ലക്ഷം രൂപ അനുവദിച്ചു. കെഎസ്ഇബി അഞ്ച് ലക്ഷം രൂപ ധനസഹായമായി കൈമാറിക്കഴിഞ്ഞു. 10 ലക്ഷം രൂപയുടെ ധനസഹായം നല്‍കുമെന്ന് സ്‌കൂള്‍ മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്. അധ്യാപക സംഘടനയായ കെഎസ്റ്റിഎ 10 ലക്ഷം രൂപ ധനസഹായം ഉടന്‍ തന്നെ കൈമാറും. സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് തന്നെ മെയ് മാസം 13-ാം തീയതിയും 31-ാം തീയതിയും രണ്ട് സര്‍ക്കുലറുകളിലൂടെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സ്‌കൂള്‍ സുരക്ഷാ പ്രോട്ടോക്കോള്‍ സംബന്ധിച്ച കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനിടയില്‍ നിരവധി യോഗങ്ങള്‍ എന്റെ അദ്ധ്യക്ഷതയിലും ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിലും ചേരുകയും സ്‌കൂളുകളിലെ സുരക്ഷാ സംബന്ധിച്ച കാര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തിരുന്നു.
എന്നിട്ടും ദാരുണമായ സംഭവം തേവലക്കര ഹൈസ്‌കൂളില്‍ ഉണ്ടായി. ഈ അപകടത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ സുരക്ഷ നിരീക്ഷിക്കുന്നതിനായി കൂടുതല്‍ നടപടികളിലേക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് കടക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.കഴിഞ്ഞ ദിവസം ഡിഡിഇ, എഡി, ആര്‍ഡിഡി, ഡിഇഒ, എഇഒ, വിദ്യാകിരണം-കൈറ്റ്- എസ്എസ്‌കെ ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍, ഡയറ്റ് പ്രിന്‍സിപ്പല്‍മാര്‍ എന്നിവരുടെ യോഗം ചേര്‍ന്നിരുന്നു.




