വയസ്സ് 13, പീഡിപ്പിച്ചത് 80ലേറെ പേർ…..
13 വയസ്സുകാരിയെ എട്ടുമാസത്തിനിടെ 80ലധികം പേർ ലൈംഗികമായി പീഡിപ്പിച്ചതായി പോലീസ്. സ്വർണ കുമാരി എന്ന സ്ത്രീയാണ് കേസിലെ മുഖ്യപ്രതി. ഇവരാണ് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയി പലർക്കായി കൈമാറിയതെന്നും ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. വേശ്യാവൃത്തിക്ക് നിർബന്ധിക്കപ്പെട്ട പെൺകുട്ടിയെ പോലീസ് മോചിപ്പിക്കുകയും ചെയ്തു. 13 വയസ്സുകാരിയെ പലർക്കായി കൈമാറി പീഡിപ്പിച്ച കേസിലാണ് ബി.ടെക് വിദ്യാർഥി അടക്കം പത്തുപേർ ഇപ്പോൾ പിടിയിലായി. എട്ടുമാസത്തിനിടെ 80ലധികം പേർ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായാണ് പോലീസ് പറയുന്നത്.
കഴിഞ്ഞ ജൂണിൽ ഒരു ആശുപത്രിയിൽ വെച്ചാണ് പെൺകുട്ടിയുടെ അമ്മയുമായി സ്വർണ കുമാരി അടുപ്പം സ്ഥാപിച്ചത്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അമ്മ മരിച്ചതോടെ പെൺകുട്ടിയെ ഇവർ ഏറ്റെടുത്തു. കുട്ടിയുടെ അച്ഛനെയോ മറ്റു ബന്ധുക്കളെയോ അറിയിക്കാതെയാണ് 13കാരിയെ കൂട്ടിക്കൊണ്ടുപോയത്. തുടർന്ന് പെൺകുട്ടിയെ വേശ്യാവൃത്തിക്ക് നിർബന്ധിക്കുകയും പലർക്കായി കൈമാറുകയുമായിരുന്നു.
ആന്ധ്രപ്രദേശിലാണ് സംഭവം. ആന്ധ്രയിലെയും തെലങ്കാനയിലെയും വിവിധ കേന്ദ്രങ്ങളിലെത്തിച്ചാണ് പെൺകുട്ടിയെ പ്രതികൾ പീഡനത്തിനിരയാക്കിയത്. 80 ലേറെ പേർ പീഡിപ്പിച്ചതായാണ് പെൺകുട്ടിയുടെ മൊഴി. കേസിൽ ഇടനിലക്കാരടക്കം നിരവധിപേർ പ്രതികളായുണ്ടെന്നാണ് പോലീസ് പറയുന്നത്. കേസിലെ 35 പ്രതികളും ഇടനിലക്കാരാണ്. ബാക്കിയുളള 45 പേർ ഇവർക്ക് പണം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചവരാണെന്നും പോലീസ് പറഞ്ഞു. കേസിൽ ഇതുവരെ 80 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് പോലീസ് നൽകുന്നവിവരം. ഒളിവിൽപ്പോയ മറ്റുപ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നും പ്രതികളിലൊരാൾ ലണ്ടനിലേക്ക് കടന്നിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.