ആദ്യം നഗ്നതാപ്രദർശനം.. മിഠായി നൽകി വശത്താക്കാൻ ശ്രമം.. പിന്നീട് വീട്ടിലെത്തി വധഭീഷണി…

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിയ കുട്ടികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനവും വധഭീഷണിയും നടത്തിയ യുവാവിനെ തിരയുന്നു. എറണാകുളം ജില്ലയിലെ നെട്ടൂരിലാണ് സംഭവം. പത്തു വയസുള്ള രണ്ട് പെണ്‍കുട്ടികള്‍ക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. കുട്ടികളെ തട്ടികൊണ്ടു പോകാനായിരുന്നു അക്രമിയുടെ ശ്രമമെന്ന് പെണ്‍കുട്ടികളില്‍ ഒരാളുടെ പിതാവ് പറഞ്ഞു.

ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിയ കുട്ടികളുടെ നേരെ യുവാവ് നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. സ്‌കൂട്ടറിലെത്തിയ യുവാവാണ് നഗ്നതാ പ്രദര്‍ശനം നടത്തിയത്. വൈകിട്ട് 6.45ഓടെ ട്യൂഷന്‍ കഴിഞ്ഞു മടങ്ങുകയായിരുന്നു കുട്ടികള്‍. കുട്ടികള്‍ പോകുന്ന വഴിക്ക് സമീപം സ്‌കൂട്ടര്‍ നിര്‍ത്തിയ ശേഷം യുവാവ് നഗ്‌നതാപ്രദര്‍ശനം നടത്തുകയായിരുന്നു. പിന്നാലെ ഇയാള്‍ മിഠായി നല്‍കി കുട്ടികളെ പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചു. അപകടം മനസ്സിലാക്കിയ കുട്ടികളിലൊരാൾ ഒരു മിഠായി കൂടി വേണമെന്ന് പറഞ്ഞു. യുവാവ് ഇതെടുക്കാന്‍ തിരിഞ്ഞ സമയം കുട്ടികള്‍ വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

കുട്ടികളെ പിന്തുടര്‍ന്ന് എത്തിയ യുവാവ് വീടിന് മുന്നിലെത്തി ഭീഷണി ഉയര്‍ത്തി. കുട്ടികളെ തട്ടികൊണ്ട് പോകുമെന്നും കൊന്നു കളയുമെന്നും കുട്ടികളില്‍ ഒരാളുടെ പിതാവിന് മുന്നില്‍ വെച്ച് ഇയാള്‍ പറഞ്ഞു. ഹെല്‍മെറ്റും റെയിന്‍കോട്ടും ധരിച്ചെത്തിയയാളാണ് കുട്ടികള്‍ക്ക് നേരെ അതിക്രമം അഴിച്ച് വിട്ടത്. ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും വാര്‍ത്തയായതിന് ശേഷമാണ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതെന്ന ആക്ഷേപം ഉയരുന്നുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി വരികയാണ്.

Related Articles

Back to top button