സിപിഐഎം നാട് കൊള്ളയടിക്കുന്നു.. ബിജെപിയിൽ പോയത് കോൺഗ്രസ് നേതാക്കളുടെ അവഗണന മൂലം.. ബിജെപി എന്നെ വളർത്തും…
ബിജെപിയില്‍ അംഗത്വം എടുത്തതിന് പിന്നാലെ സിപിഐഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ചും കോണ്‍ഗ്രസിനെ തള്ളിയും മറിയക്കുട്ടി. സിപിഐഎം നാട് കൊള്ളയടിക്കുകയും കൂട്ടിച്ചോറാക്കുകയുമാണെന്ന് മറിയക്കുട്ടി വിമര്‍ശിച്ചു. നേതാക്കള്‍ ഖദര്‍ ഇട്ട് നടന്നാല്‍ തങ്ങളുടെ വിശപ്പ് മാറില്ല. ഇവര്‍ പാവങ്ങളുടെ കാശും മേടിച്ച് കാറിലൊക്കെ കയറി നടക്കുമെന്നും മറിയക്കുട്ടി പറഞ്ഞു. ബിജെപിയിൽ പോയത് കോൺഗ്രസ് നേതാക്കളുടെ അവഗണന മൂലമെന്നും അവർ പറഞ്ഞു. നാളിതുവരെയായും ഒരു കോൺഗ്രസുകാരനും തൻ്റെ കാര്യങ്ങൾ അന്വേഷിച്ചിട്ടില്ല. വീടുവച്ചു തന്നത് കൊണ്ട് മാത്രം ഉത്തരവാദിത്വമാകുന്നില്ല. കെപിസിസി അല്ല ജനപ്രതിനിധികളാണ് തനിക്ക് വീട് നിർമ്മിച്ച് നൽകിയതെന്നും പ്രാദേശിക കോൺഗ്രസ് നേതാക്കൾ പോലും അവഗണിക്കുന്നുവെന്നും മറിയക്കുട്ടി പ്രതികരിച്ചു.
സിപിഎം പ്രവർത്തകരുടെ ഭാഗത്തുനിന്ന് ഭീഷണി ഉണ്ടായപ്പോൾ പോലും കോൺഗ്രസ് തിരിഞ്ഞു നോക്കിയില്ലെന്നും ബിജെപിയിൽ ആത്മാർത്ഥമായി പ്രവർത്തിക്കുമെന്നും മറിയക്കുട്ടി പറഞ്ഞു.’ഏത് രാജ്യത്ത് ചെന്നാലും ബിജെപിക്കാര്‍ എന്നെ കാണാന്‍ ഓടിവരും. ഭക്ഷണം തരും. കോണ്‍ഗ്രസുകാര്‍ക്ക് വോട്ട് മതി. തുടര്‍ന്നും ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കും. കോണ്‍ഗ്രസുകാര്‍ നടത്തിയ പല പരിപാടിക്കും എന്നെ വിളിച്ചില്ല. മഹിളാ സമാജത്തിന് വിളിച്ചില്ല. എന്നെ ബിജെപിക്കാര്‍ വലുതാക്കും’, എന്നും മറിയക്കുട്ടി പ്രതികരിച്ചു.
വികസിത കേരളം കണ്‍വെന്‍ഷന്റെ ഭാഗമായി തൊടുപുഴയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വെച്ചാണ് മറിയക്കുട്ടി ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മറിയക്കുട്ടിയെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. മറിയക്കുട്ടിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു.



