യുവഅഭിഭാഷകയെ മര്‍ദ്ദിച്ച ബെയ്‌ലിന്‍ ദാസിനെ പ്രാക്ടീസില്‍ നിന്ന് വിലക്കി…

തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂരിൽ യുവ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച പ്രതി ബെയ്‌ലിന്‍ ദാസിനെ പ്രാക്ടീസില്‍ നിന്ന് വിലക്കി. കേരള ബാര്‍ കൗണ്‍സിലിന്റേതാണ് തീരുമാനം. അച്ചടക്ക നടപടി അവസാനിക്കും വരെയാണ് പ്രാക്ടീസില്‍ നിന്ന് വിലക്ക്. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ സ്ഥിരം വിലക്ക് ഏര്‍പ്പെടുത്തും. സ്വമേധയ സ്വീകരിച്ച നടപടിയിലാണ് ബെയ്‌ലിന്‍ ദാസിന് ബാര്‍ കൗണ്‍സിലിന്റെ നോട്ടീസ്.

ബെയ്‌ലിന്‍ ദാസിന്റെ അഭിഭാഷക അംഗത്വം റദ്ദാക്കണമെന്ന് നേരത്തെ ട്രിവാൻഡ്രം ബാർ അസോസിയേഷൻ ശുപാര്‍ശ ചെയ്തിരുന്നു. യുവ അഭിഭാഷകയെ മര്‍ദ്ദിച്ചുവെന്നത് പ്രഥമദൃഷ്ട്യാ വസ്തുതാപരമെന്ന് ട്രിവാന്‍ഡ്രം ബാര്‍ അസോസിയേഷന്‍ കണ്ടെത്തിയിരുന്നു. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. പ്രമോദ് പള്ളിച്ചല്‍ ആണ് റിപ്പോര്‍ട്ട് സമർപ്പിച്ചത്.

അഡ്വ. ബെയ്‌ലിന്‍ ദാസിനെ ബാര്‍ അസോസിയേഷന്‍ അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തുവെന്നും യുവ അഭിഭാഷകയുടെ പരാതി അനുസരിച്ച് വഞ്ചിയൂര്‍ പൊലീസ് ക്രൈം രജിസ്റ്റര്‍ ചെയ്തു എന്നും റിപ്പോർട്ടിലുണ്ട്. മർദ്ദനമേറ്റ അഭിഭാഷക ശ്യാമിലി ജസ്റ്റിനെ ഉടന്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയെന്നും സംഭവ സ്ഥലത്ത് എത്തുമ്പോള്‍ അഭിഭാഷക ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും ഒപ്പമായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ‌

Related Articles

Back to top button