വർഷങ്ങളുടെ പ്രണയം.. ഒടുവിൽ വിവാഹം… ദിവസങ്ങൾ മാത്രമുള്ള ദാമ്പത്യം… രംഗബോധമില്ലാത്ത കോമാളിയായി മരണം….

ഏറെക്കാലത്തെ പ്രണയത്തിനു ശേഷം വിവാഹം നടന്നതിന്റെ സന്തോഷത്തിലായിരുന്നു അവർ. റെജിയും കനികയും നല്ലൊരു ജീവിതം സ്വപ്നം കണ്ടു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. വർഷങ്ങളായി തങ്ങൾ മനസിൽ കൊണ്ടു നടന്ന ആഗ്രഹം സഫലമായി സുന്ദരമായൊരു സന്തോഷത്തിലായിരുന്നു റെജിലാലും കനികയും. ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്ന റെജിയും നൃത്ത അദ്ധ്യാപിക കനികയും വിദ്യാഭ്യാസകാലത്ത് തന്നെ പ്രണയത്തിലായിരുന്നു. ഇരുവീട്ടുകാരുടെയും അനുഗ്രഹത്തിൽ മാർച്ച് 15 നായിരുന്നു വിവാഹം. ഞായറാഴ്ച മീന്തുള്ളിപ്പാറയിൽ ഫോട്ടോ ഷൂട്ട് നടത്തി മടങ്ങിയ ഇരുവരെയും പ്രദേശത്തിന്റെ മനോഹാരിതയാണ് വീണ്ടും മടക്കിവിളിച്ചത്. പക്ഷെ അത് ഒരാളുടെ ജീവതം മടക്കിവിളിക്കുമെന്ന് അവർ ഒരിക്കലും കരുതി കാണില്ല.കുടുംബത്തോടൊപ്പം വീണ്ടും ആ പ്രകൃതിസൗന്ദര്യം ആസ്വതിക്കാനെത്തിയ യാത്രയ്ക്കൊടുവിലാണ് റെജിയുടെ (28) ജീവൻ കവർന്നത്. മൊബൈൽ ഫോണിൽ ചിത്രം പകർത്തുന്നതിനിടെ കനികയുടെ കാൽവഴുതിയെന്നും വീഴാതെ പിടിക്കാൻ ശ്രമിച്ചപ്പോൾ ഇരുവരുംഒഴുക്കിൽപ്പെടുകയുമായിരുന്നു എന്നാണ് വിവരം. നിലവിളി ഉയർന്നതോടെ സമീപത്ത് റോഡ് നിർമ്മാണത്തിനു സാധനങ്ങളുമായി വന്ന ടിപ്പർ ലോറി ഡ്രൈവറാണു കനികയെ രക്ഷപ്പെടുത്തിയത്. കനികയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് ഇരുപതു മിനിറ്റോളം നീണ്ട തിരച്ചിലിനൊടുവിലാണ് റെജിലാലിനെ കണ്ടെത്തി പുറത്തെത്തിക്കാനായത്.ചങ്ങരോത്ത് കടിയങ്ങാട്ടെ കുളപ്പുറത്ത് കൃഷ്ണദാസിന്റെയും രജനിയുടേയും മകനാണ് റെജി. ഗൾഫിലുള്ള സഹോദരൻ രഥുലാൽ എത്തിയ ശേഷം സംസ്കാരം ചൊവ്വാഴ്ച വീട്ടുവളപ്പിൽ നടത്താനാണ് ബന്ധുക്കളുടെ തീരുമാനം. മലബാർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച കനികയുടെ നില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു. ഇക്കോ ടൂറിസം മേഖലയാണ് ജാനകിപ്പുഴയും പരിസരങ്ങളും. ഇവിടെ പുഴയിൽ പൊടുന്നെയുണ്ടാകുന്ന ജലപ്രവാഹം പതിവാണെന്ന് നാട്ടുകാർ പറയുന്നു. ചില നേരങ്ങളിൽ പുഴ മുറിച്ചുകടക്കാനാകുമെങ്കിലും പെട്ടെന്ന് ജലനിരപ്പുയരുകയും താഴുകയും ചെയ്യുന്ന സാഹചര്യവും ഉണ്ടാകാറുണ്ട്. അതിനാൽതന്നെ ചതിയൻ പുഴ’യെന്നും നാട്ടുകാരിൽ ചിലർ ഈ പുഴയെ വിളിക്കാറുണ്ട്. ഉരുളൻകല്ലുകളും കുഴികളും നിറഞ്ഞ ഈ ഭാഗത്ത് കല്ലിൽ നിന്ന് വഴുതി ചുഴിയിൽപ്പെട്ട പല അപകടങ്ങളും ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു.മരണവാർത്ത പരക്കുന്നതിനൊപ്പം തന്നെ എവരിലും നൊമ്പരമാവുകയാണ് വിവാഹത്തിന്റെയും തുടർന്നുമുള്ള ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ. വേദനകളുടെ ആഴമേറ്റി ഇരുവരുടെയും വിവാഹ ചിത്രങ്ങളും സോഷ്യൽ മീഡിയയെ കണ്ണീരണിയിക്കുകയാണ്. വിവാഹത്തിനു മുമ്പുള്ള പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് പ്രിയപ്പെട്ടവരെ വേദനിപ്പിക്കുന്നത്. രംഗബോധമില്ലാത്ത കോമാളിയായി മരണം അവരുടെ സ്വപ്നങ്ങളെ കവർന്നു. കനിക ഇത് എങ്ങനെ ഉൾക്കൊള്ളുമെന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.

Related Articles

Back to top button