‘പ്രതിപക്ഷനേതാവ് ഔട്ട്, ശശി തരൂർ എംപിയും വിൻസെന്‍റ് എംഎൽഎയും ഇൻ’.. ചടങ്ങിൽ ക്ഷണമില്ല….
വിഴിഞ്ഞം തുറമുഖം കമ്മീഷനിങ് ചടങ്ങിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ക്ഷണമില്ല. വാർഷികാഘോഷം ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷം നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിന്റെ ഒഴിവാക്കൽ. മെയ് 2 -ാം തീയതി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തുറമുഖം രാജ്യത്തിന് സമർപ്പിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയച്ച പട്ടികയിലാണ് വി ഡി സതീശന്റെ പേര് വെട്ടിയത്. ശശി തരൂര്‍ എംപിയുടേയും വിഴിഞ്ഞം എംഎല്‍എ എം.വിന്‍സന്റിന്റെയും പേര് ക്ഷണിക്കപ്പെടേണ്ടവരുടെ പട്ടികയിലുണ്ട്.
ട്രയല്‍ റണ്‍ ഉദ്ഘാടന ചടങ്ങിലും പ്രതിപക്ഷ നേതാവിന് ക്ഷണമുണ്ടായിരുന്നില്ല. പകരം ആദ്യ കപ്പല്‍ എത്തുന്ന സ്വീകരിക്കല്‍ ചടങ്ങില്‍ മാത്രമാണ് വി ഡി സതീശനെ ക്ഷണിച്ചത്. നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് ചടങ്ങെന്നാണ് വിശദീകരിക്കുന്നത്. സര്‍ക്കാരിന്റെ വാര്‍ഷികാഘോഷം പ്രതിപക്ഷം ബഹിഷ്‌കരിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവിനെ വിളിക്കേണ്ട കാര്യമില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്.
കഴിഞ്ഞ ദിവസം തുറമുഖത്തിന്റെ കമ്മീഷനിംഗ് ഒരുക്കങ്ങള്‍ മുഖ്യമന്ത്രി നേരിട്ടെത്തി വിലയിരുത്തിയിരുന്നു.കുടുംബസമേതം ആണ് മുഖ്യമന്ത്രി വിഴിഞ്ഞത്ത് എത്തിയത്. തുറമുഖവകുപ്പ് മന്ത്രി വി എൻ വാസവന്‍, വിഴിഞ്ഞം തുറമുഖത്തിന്റെ എം ഡി ദിവ്യ എസ് അയ്യര്‍, തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ എന്നിവരും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.


