പരിക്കേറ്റയാളെ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തത് പ്രകോപിപ്പിച്ചു; ആശുപത്രി ജീവനക്കാർക്ക് ക്രൂര മർദ്ദനം…
കോഴിക്കോട് കടലുണ്ടിയിൽ സ്വകാര്യ ആശുപത്രി ജീവനക്കാർക്ക് നേരെ ഉണ്ടായ അക്രമത്തിൽ ഒരാൾ അറസ്റ്റിൽ. പരപ്പനങ്ങാടി സ്വദേശി ഉഫൈദ് ആണ് അറസ്റ്റിലായത്. ഇന്നലെയാണ് വാഹനാപകടത്തിൽ പരിക്കേറ്റ രോഗിക്കൊപ്പം എത്തിയ യുവാക്കൾ കടലുണ്ടിയിലെ ടിഎംഎച്ച് ആശുപത്രി ജീവനക്കാരെ മർദിച്ചത്. ജീവനക്കാരെ ആക്രമിച്ച യുവാക്കൾ ആശുപത്രി റിസപ്ഷൻ അടിച്ചു തകർക്കുകയും ചെയ്തിരുന്നു.വാഹനാപകടത്തിൽ പരിക്കേറ്റ യുവാവുമായി എത്തിയവരാണ് അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ യുവാവിനെ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തതിനെ ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. യുവാവിനെ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തതാണ് കൂടെ ഉണ്ടായിരുന്നവരെ പ്രകോപിപ്പിച്ചതെന്ന് കോട്ടക്കടവ് ടി.എം.എച്ച് ആശുപത്രി ജീവനക്കാർ പറഞ്ഞു.



