പത്താം ക്ലാസ് പരീക്ഷയിൽ ഉത്തരക്കടലാസ് കാണിച്ചില്ല…സഹപാഠിയെ വെടിവച്ച് കൊന്നു…

10th board exam issue

പത്താം ക്ലാസ് പരീക്ഷയിൽ കോപ്പിയടിക്കാൻ സഹായിച്ചില്ല. സഹപാഠികൾക്ക് നേരെ വെടിയുതിർത്ത് പത്താം ക്ലാസ് വിദ്യാർത്ഥി. വെടിയേറ്റ് സഹപാഠികളിലൊരാൾ മരിച്ചു, മറ്റൊരാൾ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ. ബിഹാറില റോഹ്താസിലാണ് സംഭവം. അമിത് കുമാർ എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. സഞ്ജിത് കുമാർ എന്ന വിദ്യാർത്ഥിയാണ് ചികിത്സയിൽ കഴിയുന്നത്.

ഉത്തര കടലാസ് കാണിച്ചു കൊടുക്കാത്തതിന്റെ പേരിലായിരുന്നു വെടിവയ്പെന്നാണ് റിപ്പോർട്ട്. നാടൻ തോക്ക് വച്ചായിരുന്നു വെടിവയ്പ്. സംഭവത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. നാടൻ തോക്കും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വ്യാഴാഴ്ചയാണ് വെടിവയ്പുണ്ടായത്. പത്താം ക്ലാസ് സോഷ്യൽ സയൻസ് പരീക്ഷ കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു വെടിവയ്പ് നടന്നത്. നേരത്തെ സംസ്കൃതം പരീക്ഷയ്ക്കിടെ ഉത്തര പേപ്പർ കാണിച്ച് നൽകാതിരുന്നതിന് പിന്നാലെയാണ് സുഹൃത്തുക്കളായിരുന്ന വിദ്യാർത്ഥികൾക്കിടയിൽ വഴക്കുണ്ടായത്. ഇതിന് പിന്നാലെ ക്ലാസ് റൂമിന് പുറത്ത് വച്ച് സഹപാഠികളെ 10ാം ക്ലാസുകാരൻ ഭീഷണിപ്പെടുത്തിയിരുന്നു.

വ്യാഴാഴ്ചയുടെ പരീക്ഷ പേപ്പർ കാണിക്കാതിരുന്നതിന് പിന്നാലെ അമിതും സഞ്ജിതും വീട്ടിലേക്ക് മടങ്ങാനായി ഓട്ടോ റിക്ഷയിൽ കയറുമ്പോഴായിരുന്നു വെടിവയ്പുണ്ടായത്. എന്നാൽ കഴിഞ്ഞ ഒരു വർഷത്തോളമായി ഇവർ തന്നെ അപമാനിച്ചിരുന്നതായാണ് വെടിയുതിർത്ത വിദ്യാർത്ഥി പ്രതികരിക്കുന്നത്. വ്യാഴാഴ്ചയും അപമാനം തുടർന്നതോടെയാണ് വെടിവയ്പുണ്ടായത്. ഇത് മറച്ച് വയ്ക്കാനാണ് കോപ്പിയടി സംബന്ധിച്ച സഹപാഠിയുടെ ആരോപണമെന്നാണ് കസ്റ്റഡിയിലുള്ള 10ക്ലാസുകാരന്റെ പ്രതികരണം.

Related Articles

Back to top button