കെ.എൽ31 ഇനി സ്ഥിരം ടെസ്റ്റ് ഗ്രൗണ്ടിലേക്ക്… നിർമ്മാണം തുടങ്ങി… ഒപ്പം കെ.എസ്.ആര്‍.ടി.സി ഡ്രൈവിംഗ് സ്‌കൂളും…

മാവേലിക്കര- ജോ.ആര്‍.ടി ഓഫീസീന് കീഴില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിന് സ്ഥിരം സംവിധാനം നിര്‍മിക്കുന്നതിന് കണ്ടെത്തിയ കെ.എസ്.ആര്‍.ടി.സി മാവേലിക്കര റീജിയണല്‍ വര്‍ക്ക്‌ഷോപ്പ് വളപ്പിൽ ടെസ്റ്റ് ഗ്രൗണ്ട് നിർമ്മാണം തുടങ്ങി. മാവേലിക്കരയുടെ ദീര്‍ഘകാല ആവശ്യമാണിത്. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിനാണ് നിർമ്മാണ ചുമതല.

ടെസ്റ്റ് ഗ്രൗണ്ടിനായി 10 ലക്ഷം രൂപയാണ് എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ചത്. ഗ്രൗണ്ടിൻ്റെ നിർമാണം പൂർത്തിയാകുന്നതോടെ കെ.എസ്.ആര്‍.ടി.സിയുടെ ഡ്രൈവിങ് സ്‌കൂളും ഇവിടെ തുടങ്ങും. റീജിയണല്‍ വര്‍ക്ക് ഷോപ്പ് വളപ്പിലെ 55 സെന്റ് ഭൂമിയിലാണ് ടെസ്റ്റ് ഗ്രൗണ്ട് ഒരുങ്ങുന്നത്. സംസ്ഥാനത്തെ ആറ് കേന്ദ്രങ്ങളില്‍ ഒന്നാണിത്. 23 മീറ്റര്‍ വീതം നീളത്തിലും വീതിയിലുമാണ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതിന് ചുറ്റും അരമീറ്റര്‍ വീതിയില്‍ സ്ഥലം ക്രമീകരിക്കും. ശുചിമുറിയും ഉദ്യോഗസ്ഥര്‍ക്കുള്ള സൗകര്യങ്ങളും മറ്റ് ആധുനിക സംവിധാനങ്ങളും ഒരുക്കും.

നിലവില്‍ ചൊവ്വ വെള്ളി ദിവസങ്ങളില്‍ മാവേലിക്കരയിലും തിങ്കള്‍ വ്യാഴം ദിവസങ്ങളില്‍ ചാരുംമൂട്ടിലുമാണ് ടെസ്റ്റ് നടത്തി വരുന്നത്. ഗ്രൗണ്ട് തയ്യാറാകുന്നതോടെ ഇവിടെയും കരിമുളക്കലിലുമായി ടെസ്റ്റ് നടക്കും. കേരളത്തില്‍ ആദ്യമായാണ് ടൂവീലര്‍, ഫോര്‍വീലര്‍, ഹെവി ലൈസന്‍സ് ടെസ്റ്റുകളും ഇവക്കെല്ലാമുള്ള ഡ്രൈവിങ് സ്‌കൂളുകളും ഒരു ഗ്രൗണ്ടിലേക്കെത്തുന്നത്. റീജിയണല്‍ വര്‍ക്ക് ഷോപ്പിലെ സൗകര്യങ്ങള്‍ വിപുലപ്പെടുത്തി സൂപ്പര്‍ ഫാസ്റ്റ് ബസുകളുടെയടക്കം ബോഡി നിര്‍മാണവും അറ്റകുറ്റപ്പണികളും കൂടി എത്തുന്നതോടെ മാവേലിക്കര റീജിയണല്‍ വര്‍ക്ക്‌ഷോപ്പ് സംസ്ഥാനത്തെ പ്രധാന കേന്ദ്രമായി മാറും.

ടെസ്റ്റ് ഗ്രൗണ്ട് നിർമ്മാണ ഉദ്ഘാടനം എം.എസ് അരുൺകുമാർ എം.എൽ.എ നിർവ്വഹിച്ചു. പൊതുമരാമത്ത് കെട്ടിട വിഭാഗം അസി.എൻജിനീയർ മോണിക്ക ഫിലിപ്പോസ്, ജോ.ആർ.ടി.ഒ എം.ജി മനോജ്, എം.വി.ഐ പ്രമോദ്, റീജിയണൽ വർക്ക്ഷോപ്പ് ഡിപ്പോ എൻജിനീയർ കിഷോർ, പൊതുമരാമത്ത് വിഭാഗം ഓവർസിയർ രാജി എന്നിവർ പങ്കെടുത്തു. എം.എല്‍.എ, ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാറുമായി നടത്തിയ ചര്‍ച്ചയുടെയും ഇടപെടലിന്റെയും ഫലമായാണ് പദ്ധതി നടപ്പകുന്നത്.

Related Articles

Back to top button