പാർട്ടി ചട്ടക്കൂട് എന്നത് ഒന്നേയുള്ളൂ…കള്ള പ്രചരണങ്ങൾ ഒഴിവാക്കണം…സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി
പത്തനംതിട്ട: നവീൻ ബാബു വിഷയത്തിൽ പാർട്ടിയിൽ രണ്ട് അഭിപ്രായം ഉണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി. വാർത്താ കുറിപ്പിലാണ് പ്രതികരണം. വിഷയത്തിൽ പാർട്ടി പത്തനംതിട്ട, കണ്ണൂർ ജില്ലാ കമ്മിറ്റികൾക്ക് ഒരേ നിലപാടാണെന്നും പത്രക്കുറിപ്പിൽ പറയുന്നു.
ഈ നിലപാടിൻ്റെ ഭാഗമായാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിനോട് രാജിവയ്ക്കാൻ പാർട്ടി ആവശ്യപ്പെട്ടത്. പാർട്ടി ചട്ടക്കൂട് എന്നത് ഒന്നേയുള്ളൂ. നവീൻ ബാബുവിന്റെ മരണത്തിൽ കൃത്യമായ അന്വേഷണം വേണം. കുറ്റക്കാർ ശിക്ഷിക്കപ്പെടണം. ഇക്കാരണത്താലാണ് കളക്ടറുടെ പങ്കിനെക്കുറിച്ചും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടതെന്നും പത്രക്കുറിപ്പിൽ പറയുന്നു.
പാർട്ടിയിൽ ഇക്കാര്യത്തിൽ കണ്ണൂർ ജില്ലയെന്നോ പത്തനംതിട്ടമെന്നോ വേർതിരിവുകളില്ല. വിഷയത്തിൽ നീതിയുക്തമായ അന്വേഷണം ഉണ്ടാകുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറിയും, മുഖ്യമന്ത്രി പിണറായി വിജയനും ഉറപ്പ് നൽകിയിട്ടുണ്ട്. പ്രതിപക്ഷ നേതാക്കൾ പോലും നവീൻ ബാബുവിന്റെ പ്രവർത്തനത്തെ കുറിച്ച് എതിരഭിപ്രായം പറഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ തകർന്നിരിക്കുന്ന കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ഒപ്പം നിൽക്കുകയെന്നത് പാർട്ടിയുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.
