ശോഭാ സുരേന്ദ്രനും കൃഷ്ണകുമാറിനും വേണ്ടി ഇരുപക്ഷമായി അണിനിരന്ന് നേതാക്കള്‍…
പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് സീറ്റിനായി ബിജെപിയില്‍ പിടിവലി. വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്, ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍ എന്നിവരുടെ പേരുകള്‍ക്കാണ് നിലവില്‍ മുന്‍ഗണന എന്നിരിക്കെ സീറ്റിനായി ഇരുപക്ഷവും സമ്മര്‍ദ്ദം ചെലുത്തുകയാണ്. ഇതിന് പുറമെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് ആദ്യമായി ബിജെപി രണ്ടാം സ്ഥാനത്തേക്ക് എത്തിയതും സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ മത്സരിച്ച എല്ലാ തിരഞ്ഞെടുപ്പിലും വോട്ട് വര്‍ധിപ്പിച്ചതും ചൂണ്ടിക്കാട്ടിയാണ് ശോഭാ സുരേന്ദ്രന് അനുകൂലികള്‍ സ്ഥാനാര്‍ത്ഥിത്വത്തിനായി വാശിപിടിക്കുന്നത്. കെ കൃഷ്ണകുമാര്‍ മത്സരിക്കുമെന്ന പ്രചാരണം ശക്തമായതോടെ കഴിഞ്ഞ ദിവസം പാലക്കാട് നഗരസഭാ ഓഫീസിന് മുന്നില്‍ ശോഭാ സുരേന്ദ്രനെ മണ്ഡലത്തിലേക്ക് സ്വാഗതം ചെയ്ത് ചിലര്‍ ഫ്ളക്സും സ്ഥാപിച്ചിരുന്നു. ഇതിന് പുറമെ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ തങ്ങളാണ് മേല്‍ക്കൈ നേടിയതെന്ന അവകാശവാദവും ഉണ്ട്.




