മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാ മെഡൽ സജു.പി.ചന്ദ്രന്

മാവേലിക്കര- വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ ട്രാൻസ്പോർട്ട് മെഡലിന് മാവേലിക്കര സബ് ആർ.റ്റി ഓഫീസിലെ അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ സജു.പി.ചന്ദ്രൻ അർഹനായി. മോട്ടോർ വാഹന വകുപ്പിന്റെ സാമൂഹ്യ മാധ്യമ വീഡിയോകളിലൂടെ സുപരിചിതമായ ഉദ്യോഗസ്ഥനാണ് സജു പി.ചന്ദ്രൻ. മോട്ടോർ വാഹന നിയമങ്ങളെ പറ്റിയും വാഹനങ്ങളുടെ സാങ്കേതിക കാര്യങ്ങളെപ്പറ്റിയും നിരവധി ബോധവൽക്കരണ വീഡിയോകൾ ഇദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.

2013 ആലപ്പുഴ ആർ.റ്റി ഓഫീസിൽ സേവനം ആരംഭിച്ച ഇദ്ദേഹം പത്തനംതിട്ട, തിരുവല്ല, മാവേലിക്കര എന്നീ ഓഫീസുകളിൽ അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാവേലിക്കര സബ് ആർ.ടി ഓഫീസിൽ സേവനമനുഷ്ഠിക്കവേയാണ് ഇക്കുറി അദ്ദേഹത്തിന് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്. തന്റെ നൂതനമായ ശൈലിയിലൂടെ റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നത്തിനും അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്. ഇതുവരെ 220 ഓളം റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസുകൾ ഇദ്ദേഹം നയിച്ചിട്ടുണ്ട്.

തുടർച്ചയായ മൂന്നാം തവണയാണ് മാവേലിക്കര ആർ.റ്റി ഓഫീസിലേക്ക് മുഖ്യമന്ത്രിയുടെ മെഡൽ നേട്ടം എത്തുന്നതു. വകുപ്പിൽ നിന്ന് നേരത്തെയും ഇദ്ദേഹത്തിന് സത് സേവന പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കരുവാറ്റ സ്വദേശിയായ സജു പി ചന്ദ്രൻ പരേതനായ പ്രസന്നചന്ദ്രന്റെയും വസന്തയുടെയും മകനാണ്. ആരതി കൃഷ്ണയാണ് ഭാര്യ. മകൾ – സൻസിത.

Back to top button