ബാഗ് മറന്നുവെച്ചു..യുകെജി വിദ്യാർത്ഥിയെ വിവസ്ത്രനാക്കി, ഷോക്കടിപ്പിച്ചു..ടീച്ചറിന്റെ ക്രൂരമര്‍ദ്ദനം…
സ്കൂള്‍ ബാഗ് എടുക്കാന്‍ മറന്നതിന് ഏഴ് വയസുകാരന് ടീച്ചറിന്റെ ക്രൂരമര്‍ദ്ദനം. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.ഒരു ദയയുമില്ലാതെ തല്ലിയതിന് പുറമേ വസ്ത്രവും ഷൂവും ഊരി മാറ്റിയ ശേഷം ടീച്ചര്‍ കുട്ടിയെ ഇലക്ട്രിക് ഷോക്ക് ഏല്‍പ്പിച്ചതായും മാതാപിതാക്കൾ പറയുന്നു. ഉത്തര്‍ പ്രദേശിലെ അലിഗഡിലാണ് സംഭവം. അലിഗഡില്‍ ലോധ പൊലീസ് സ്റ്റേഷന് ഏരിയയിലുള്ള സ്വകാര്യ സ്കൂളിലെ ടീച്ചര്‍ക്കെതിരെയാണ് പരാതി.
അലിഗഡ് സ്വദേശി ദിലീപ് കുമാറിന്റെ മകന് ജെയിംസിനാണ് ടീച്ചറിന്റെ മര്‍ദ്ദനമേറ്റത്. യുകെജി വിദ്യാര്‍ത്ഥിയാണ് കുട്ടി. സംഭവ ദിവസം ദിലീപ് സ്ഥലത്തില്ലാതിരുന്നതുകൊണ്ടും കുട്ടിയുടെ അമ്മയ്ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നതുകൊണ്ടും മുത്തച്ഛനാണ് കുട്ടിയെ സ്കൂളിലാക്കിയത്. കുട്ടി സ്കൂള്‍ ബാഗ് വീട്ടില്‍ മറന്നുവെച്ചാണ് പോയത്. ബാഗ് എടുത്തില്ലെന്ന് പറഞ്ഞ് സ്കൂളിലെത്തിയ കുട്ടിയെ ടീച്ചര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. സ്കൂളില്‍ നിന്ന് കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ കുട്ടി അമ്മയോട് വിവരം പറയുകയായിരുന്നു. ഉടന്‍ തന്നെ സ്കൂളിലെത്തിയ കുടുംബം അധികൃതരോട് വിവരം പറയുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സ്കൂള്‍ ജീവനക്കാരെയും അധികൃതരെയും ചോദ്യം ചെയ്ത് വരികയാണെന്നും ഡിഎസ്പി രഞ്ജന്‍ ശര്‍മ പറഞ്ഞു.




