50,000 രൂപകൊടുത്ത് 4 ഏക്കർ മരുഭൂമി വാങ്ങി …സ്വന്തമായി ‘രാഷ്ട്രം’ സൃഷ്ടിച്ച് യുവാവ്……
യുഎസിലെ യൂട്ടായിലെ ഒരു മരുഭൂമിയിൽ സ്വന്തമായി ഭൂമി വാങ്ങി വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ് ന്യൂയോർക്കിൽ നിന്നുള്ള കലാകാരനായ സാഖ് ലാൻഡ്സ്ബർഗ്. ഇവിടെ റിപ്പബ്ലിക് ഓഫ് ‘സാക്കിസ്ഥാൻ’ എന്ന പേരിൽ സ്വന്തം രാഷ്ട്രം സൃഷ്ടിച്ചു കഴിഞ്ഞു ഇദ്ദേഹം. 610 ഡോളറിന്, അതായത് ഏകദേശം 50,000 രൂപയ്ക്കാണ് സാഖ് ഇബേയിൽ നിന്ന് ഈ സ്ഥലം വാങ്ങിയത്. നാല് ഏക്കർ ഭൂമിയിലാണ് ഇദ്ദേഹത്തിന്റെ പരമാധികാര രാഷ്ട്രം നിലകൊള്ളുന്നത്. ഇതിനോടകം തന്നെ സാഖ് തന്റെ രാഷ്ട്രത്തിനായി ഒരു പതാക സൃഷ്ടിക്കുകയും കാവലിന് ആളെ നിയമിക്കുകയും ചെയ്തു കഴിഞ്ഞു. ഇനി കാവൽക്കാരൻ ആരാണെന്ന് കൂടി അറിഞ്ഞാൽ നിങ്ങൾ ശരിക്കും അമ്പരക്കും. ഒരു റോബോട്ടാണ് കാവൽക്കാരൻ. ഇവിടേയ്ക്ക് പ്രവേശിക്കാൻ ആളുകൾക്ക് പാസ്പോർട്ട് ആവശ്യമാണ്. തൻ്റെ വെബ്സൈറ്റിൽ നിന്നും $40 മൂല്യമുള്ള പാസ്പോർട്ടുകൾ സാഖ് നൽകുന്നു. ഇത് ഒരു യഥാർത്ഥ രാജ്യമായി മാറണം എന്നതാണ് തന്റെ ലക്ഷ്യം എന്നാണ് സാഖ് പറയുന്നത്.