സുമയ്യ ഷെറിൻ്റെ ലെസ്ബിയൻ പങ്കാളി കോടതിയിൽ ഹാജരായി.. മാതാപിതാക്കൾക്ക് ഒപ്പം പോയാൽ മതിയെന്ന് യുവതി…
മലപ്പുറം: ലെസ്ബിയൻ പങ്കാളിയായ യുവതിക്കൊപ്പം ജീവിക്കാൻ താൽപര്യമില്ലെന്ന് കോടതിയിൽ വ്യക്തമാക്കി മലപ്പുറം സ്വദേശിനിയായ യുവതി. തനിക്ക് ലെസ്ബിയൻ പങ്കാളിയായ മലപ്പുറം സ്വദേശിനി സുമയ്യ ഷെറിനൊപ്പം ജീവിക്കാൻ താൽപര്യമില്ലെന്നും മാതാപിതാക്കൾക്കൊപ്പം പോകാനാണ് ഇഷ്ടമെന്നും യുവതി കോടതിയെ അറിയിക്കുകയായിരുന്നു. ഇതോടെ സുമയ്യ ഷെറിൻ നൽകിയ ഹർജിയിൽ ഹൈക്കോടതി തുടർ നടപടികൾ അവസാനിപ്പിച്ചു . ജസ്റ്റിസ് പി ബി സുരേഷ് കുമാര്‍, ജസ്റ്റിസ് സി എസ് സുധ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് കേസില്‍ തുടര്‍നടപടികള്‍ അവസാനിപ്പിച്ചത്.
ലിവ് ഇൻ റിലേഷൻ പങ്കാളിയായ യുവതിയെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയെന്നും വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ടാണ് സുമയ്യ ഷെറിൻ കോടതിയിൽ ഹർജി നൽകിയത്. ഹർജിയിൽ വാദം കേട്ട കോടതി സമയ്യയുടെ പങ്കാളിയായ യുവതിയോട് അഭിപ്രായം ആരായുകയായിരുന്നു. എന്നാൽ തന്നെ മാതാപിതാക്കൾ തട്ടിക്കൊണ്ടു പോയതല്ലെന്ന് കോടതിയിൽ ഹാജരായ യുവതി അറിയിച്ചു. ബന്ധം തുടരാൻ താൽപ്പര്യമില്ലെന്നും മാതാപിതാക്കളോടൊപ്പം പോകാനാണ് താൽപര്യമെന്നും കോടതിയിൽ വ്യക്തമാക്കുകയും ചെയ്തു. തുടർന്നാണ് ഡിവിഷൻ ബെഞ്ച് തുടർനടപടികൾ അവസാനിപ്പിച്ചത്.