വസ്ത്രത്തിന് ഇറക്കം കുറവ്.. അമ്മായിഅച്ഛൻ മരുമകളുടെ…
ധരിച്ചിരുന്ന വസ്ത്രത്തിന് ഇറക്കം കുറവാണ് എന്ന് ആരോപിച്ച് അമ്മായി അച്ഛൻ മരുമകളുടെ ശരീരത്തിൽ ചൂട് സൂപ്പ് ഒഴിച്ചു. ഭക്ഷണം വിളമ്പാൻ എത്തിയപ്പോൾ മരുമകൾ ധരിച്ചിരുന്ന വസ്ത്രം ഇഷ്ടപ്പെടാതെ വന്നതാണ് അമ്മായിഅച്ഛനെ ചൊടിപ്പിച്ചത്. രോഷാകുലനായ ഇയാൾ ഊണുമേശയിൽ ഇരുന്ന ചൂട് സൂപ്പ് യുവതിയുടെ മേൽ ഒഴിക്കുകയായിരുന്നു.
ചൈനയിലാണ് സംഭവം. ഷു എന്ന കുടുംബപ്പേരുള്ള ചൈനീസ് യുവതിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. യുവതി ധരിച്ചിരുന്ന പാന്റിന് ഇറക്കം കുറവാണ് എന്നായിരുന്നു അമ്മായി അച്ഛൻറെ പരാതി. ഇത്തരത്തിലുള്ള വസ്ത്രധാരണം തന്റെ കുടുംബത്തിന് ചേരാത്തതാണെന്നും നാട്ടുകാരുടെ മുൻപിൽ താൻ അപമാനിതനാകുമെന്നും പറഞ്ഞായിരുന്നു ഇയാൾ യുവതിയെ ശകാരിച്ചത്.
എന്നാൽ, താൻ ധരിക്കുന്ന വസ്ത്രങ്ങൾ സ്വന്തം പണം കൊടുത്ത് വാങ്ങിയതാണെന്നും അത് തന്റെ വ്യക്തിപരമായ കാര്യമാണെന്നും അതിൽ ആരും കൈകടത്തുന്നത് തനിക്ക് ഇഷ്ടമല്ല എന്നും യുവതി അമ്മായിഅച്ഛനോട് മറുപടി പറഞ്ഞു. ഇതോടെ കാര്യങ്ങൾ കൈവിട്ടു പോവുകയായിരുന്നു. മരുമകളുടെ മറുപടിയിൽ അസംതൃപ്തനായ അമ്മായിഅച്ഛൻ ഊണ് മേശയിൽ ഉണ്ടായിരുന്ന ചൂട് ഭക്ഷണപദാർത്ഥങ്ങൾ യുവതിയുടെ ശരീരത്തിൽ ഒഴിക്കുകയായിരുന്നു. യുവതിയെ കൊല്ലും എന്നും ഇയാൾ ഭീഷണിപ്പെടുത്തി.
ഈ സമയം യുവതിയോടൊപ്പം ഉണ്ടായിരുന്ന മകനാണ് അമ്മയെ രക്ഷിക്കാനായി പൊലീസിൽ വിവരമറിയിക്കുകയും പൊലീസ് എത്തും വരെ അമ്മയെ മുറിയിൽ പൂട്ടിയിടുകയും ചെയ്തത്. സ്ഥലത്തെത്തിയ പൊലീസ് പ്രശ്നങ്ങൾ നിയന്ത്രണവിധേയമാക്കുകയും എന്തു വസ്ത്രം ധരിക്കണമെന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണെന്നും അതിൽ കൈ കടത്തരുത് എന്ന് അമ്മായി അച്ഛന് താക്കീത് നൽകുകയും ചെയ്തു.