ഓണത്തിന് മുന്നോടിയായി വിഴിഞ്ഞത്ത് കണവപ്പെരുമഴ!

ഓണാഘോഷത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ വിഴിഞ്ഞം തീരത്ത് കണവയുടെ വരവ് സജീവമായി. ചതക്കണവ, ഓലക്കണവ, സൂചിക്കണവ തുടങ്ങി വിവിധ ഇനം കണവകളാണ് കഴിഞ്ഞ ദിവസങ്ങളിൽ നല്ല അളവിൽ തീരത്തെത്തിയത്. ഇന്നലെ ഉച്ചയ്ക്കുശേഷം കരയിലെത്തിയ വള്ളങ്ങളിൽ ഏറെയും കണവ നിറച്ചവയായിരുന്നു.
സീസൺ ആരംഭിച്ച് മൂന്ന് മാസം പിന്നിടുമ്പോഴേക്കും വിഴിഞ്ഞം തീരത്തുനിന്ന് ടൺ കണക്കിന് കണവ വിദേശ വിപണികളിലേക്ക് കയറ്റിയയച്ചതായി മത്സ്യ മൊത്തവ്യാപാര മേഖലയിലുള്ളവർ പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടർച്ചയായി കണവ ലഭിക്കുന്നതും തീരത്തെ മത്സ്യവ്യാപാരത്തിന് ഉണർവേകുന്നുണ്ട്.
ലേലത്തിൽ വാങ്ങുന്ന കണവ കൊച്ചി വഴിയാണ് വിദേശ വിപണികളിലേക്ക് എത്തിക്കുന്നത്. ഗുണനിലവാരമുള്ള കണവയ്ക്ക് വിദേശ വിപണിയിൽ ആവശ്യക്കാർ ഏറെയുള്ളതിനാൽ വിഴിഞ്ഞത്തെത്തുന്ന മത്സ്യത്തിന്റെ വലിയൊരു പങ്കും കയറ്റുമതി വിപണിയിലേക്കാണ് നീങ്ങുന്നത്.
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് കരമാർഗമുള്ള ചരക്ക് നീക്കത്തിന് തുടക്കമായതോടെ മത്സ്യസംസ്കരണ മേഖലയിലും പുതിയ സാധ്യതകൾ തുറക്കുകയാണെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. തുറമുഖത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി വിഴിഞ്ഞം കേന്ദ്രീകരിച്ച് മത്സ്യസംസ്കരണ കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള നീക്കങ്ങളും സജീവമാണ്.
തീരത്തിന് സമീപം ആദ്യ മത്സ്യസംസ്കരണ കേന്ദ്രം വൈകാതെ പ്രവർത്തനം ആരംഭിക്കുമെന്നാണ് വിവരം. ഇത് യാഥാർഥ്യമായാൽ മത്സ്യത്തിന്റെ സംസ്കരണം, സംഭരണം, കയറ്റുമതി തുടങ്ങിയ മേഖലകളിൽ വിഴിഞ്ഞത്തിന് കൂടുതൽ പ്രാധാന്യം ലഭിക്കുമെന്നാണ് പ്രതീക്ഷ.
ഓണത്തിന് മുന്നോടിയായി തീരത്ത് കണവയുടെ വരവ് ശക്തമായതോടെ മത്സ്യത്തൊഴിലാളികൾക്കും വ്യാപാരികൾക്കും ഒരുപോലെ പ്രതീക്ഷയേറുകയാണ്. തുറമുഖ വികസനത്തിനൊപ്പം മത്സ്യസംസ്കരണ കേന്ദ്രങ്ങളും യാഥാർഥ്യമാകുന്നതോടെ വിഴിഞ്ഞത്തിന്റെ മത്സ്യബന്ധന-കയറ്റുമതി മേഖല പുതിയ വളർച്ചയുടെ പാതയിലേക്ക് കടക്കുമെന്നാണ് വിലയിരുത്തൽ.



