മാവേലിക്കരയില്‍ ഇനി ഹോട്ടലുകളില്ല, തട്ടുകടകൾ മാത്രം
മാവേലിക്കര: അടുത്തമാസം ഒന്നു മുതല്‍ ഹോട്ടലുകളുടെ പേര് മാറ്റി തട്ടുകടയെന്നാക്കുമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന് പ്രഖ്യാപിച്ചു. ലൈസന്‍സോ, പരിശോധനകളൊ ഇല്ലാതെ തട്ടുകടകളും വീട്ടിലൂണുകളും പെരുകുന്ന സാഹചര്യത്തില്‍ ഹോട്ടല്‍ ഉടമകള്‍ക്ക് പിടിച്ചു നില്ക്കുവാന് സാധിക്കുന്നില്ല. കൂടാതെ നഗരസഭയുടെ തുടര്‍ച്ചയായ റെയ്ഡുകളും മാലിന്യം എടുക്കാത്തതും ഹോട്ടല്‍ വ്യവസായത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഒരോ ഹോട്ടലുകളുടേയും പേരുകള്‍ മാറ്റി തട്ടുകട എന്നാക്കി പ്രതിഷേധിക്കുന്നതെന്നും ഹോട്ടല്‍ ഉടമകള്‍ പറഞ്ഞു.
ഇന്ന് താലൂക്കിലെ മുഴുവന്‍ ഹോട്ടലുകളും അടച്ചിട്ട് മാവേലിക്കര നഗരസഭയ്ക്ക മുപില്‍ കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്‍സ് അസോസിയേഷന് മാവേലിക്കര യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണയിലാണ് പ്രഖ്യാപനം ഉണ്ടായത്. ധര്‍ണാ സമരം സംഘടന ആലപ്പുഴ ജില്ലാ പ്രസിഡന്റ് നാസര്‍.പി.താജ് ഉദ്ഘാടനം ചെയ്തു. നിലവിലെ സാഹചര്യത്തില്‍ 35 ഓളം ഹോട്ടലുകള്‍ താലൂക്കില്‍ അടച്ചു പൂട്ടിയതായും 11ഓളം ഹോട്ടലുകള്‍ അടച്ചു പൂട്ടലിന്റെ വക്കിലാണെന്നും ഇതിനൊരു പരിഹാരം അധികാരികളുടെ ഭാഗത്തു നിന്ന് ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്പോട്ട് പോകുമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. മാവേലിക്കര യൂണിറ്റ് പ്രസിഡന്റ് രതീഷ് അധ്യക്ഷനായി. ജില്ലാ ട്രഷറാര്‍ നാസര്‍ മുഖ്യപ്രഭാഷണം നടത്തി. ലക്ഷ്മി നാരായണന്, ജോര്‍ജ്ജ് ചെറിയാന്, നന്ദകുമാര്‍, ബാലാജി എന്നിവര്‍ സംസാരിച്ചു.