കരിപിടിച്ച പാത്രങ്ങള്‍ വെട്ടിത്തിളങ്ങാന്‍….

കരിപിടിച്ച പാത്രങ്ങള്‍ വീട്ടമ്മമാര്‍ക്ക് ഉണ്ടാക്കുന്ന തലവേദന ചെറുതൊന്നുമല്ല. കാരണം ഇവ വൃത്തിയാക്കാന്‍ വലിയ ബുദ്ധിമുട്ടാണ് നേരിടാറ്.

കരിപിടിച്ച പാത്രം കഴുകി വൃത്തിയാക്കി എടുക്കുക പ്രയാസമാണ് എന്നതിനാല്‍ പാത്രം ഉപേക്ഷിക്കുകയാണ് വീട്ടമ്മമാര്‍ ചെയ്യുന്ന എളുപ്പവഴി. എന്നാല്‍ എല്ലാ അടുക്കളയിലും സാധാരണ കണ്ടുവരുന്ന ചില വസ്തുക്കള്‍ മതിയാകും ഇത്തരം പാത്രങ്ങളെ വെളുപ്പിച്ചെടുക്കാന്‍.

അച്ചാറിടാന്‍ മാത്രമല്ല പാത്രങ്ങളിലെ കരിയും കറയും കളയാനും നമുക്ക് ഉപയോഗിക്കാവുന്ന ഒന്നാണ് വിനാഗിരി. കരിപിടിച്ച പാത്രത്തില്‍ വെള്ളം നിറച്ച ശേഷം ഇതിലേക്ക് ഒരു കപ്പ് വിനാഗിരി ഒഴിക്കുക. ഏകദേശം എട്ട് മണിക്കൂര്‍ നേരമെങ്കിലും ഇത് ഇളക്കാതെ വയ്ക്കണം. ഇതിന് ശേഷം പാത്രം സോപ്പ് ഉപയോഗിച്ച് കഴുകാം. കറ പോയി പാത്രം വെട്ടിത്തിളങ്ങും.

കരിഞ്ഞ പാത്രങ്ങള്‍ വൃത്തിയാക്കാന്‍ ഉപ്പും ഒരു പ്രതിവിധിയാണ്. കരിപിടിച്ച പാത്രത്തില്‍ ഉപ്പ് ചേര്‍ത്ത ശേഷം അതില്‍ വെള്ളമൊഴിച്ച് തിളപ്പിക്കുക. വെള്ളം തിളയ്ക്കുന്നതിനോടൊപ്പം പാത്രത്തിലെ കരിയും കറയും ഇളകുന്നതായി കാണാം. ഇത്തരത്തില്‍ മുഴുവന്‍ കറയും ഇളകി കഴിഞ്ഞാല്‍ സോപ്പ് ഉപയോഗിച്ച് പാത്രം കഴുകാം. അല്‍പ്പം ഉപ്പ് കൂടി ചേര്‍ത്ത് കഴുകിയാല്‍ പാത്രങ്ങള്‍ക്ക് തിളക്കം വര്‍ദ്ധിക്കും. ഉപ്പിലടങ്ങിയിരിക്കുന്ന ലവണാംശമാണ് പാത്രങ്ങളിലെ കരി ഇളക്കുന്നത്.

സവാള ഉപയോഗിച്ചും കരിപിടിച്ച പാത്രങ്ങള്‍ വൃത്തിയാക്കാം. കരിപിടിച്ച പാത്രത്തില്‍ വെള്ളം നിറച്ച ശേഷം അതിലേക്ക് ഉള്ളിയൂടെ തൊലി ഇടുക. ഇതിന് ശേഷം ഈ വെള്ളം മൂടിവെച്ച് തിളപ്പിക്കണം. വെള്ളം തിളയ്ക്കുമ്പോള്‍ കരിയും ഇളകുന്നതായി കാണാം. പിന്നീട് ഈ വെള്ളം ഒഴിച്ചു കളഞ്ഞ ശേഷം പാത്രം കഴുകിയെടുക്കാം.

കരി പിടിച്ച പാത്രങ്ങള്‍ ബേക്കിംഗ് സോഡ ഉപയോഗിച്ചും എളുപ്പത്തില്‍ വൃത്തിയാക്കി എടുക്കാം. പാത്രത്തില്‍ നാരങ്ങ തേച്ച ശേഷം ചൂട് വെള്ളത്തില്‍ ഇത് മുക്കിവയ്ക്കുക. ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ കരിപിടിച്ച ഭാഗം ബേക്കിംഗ് സോഡ കൊണ്ട് നന്നായി ഉരയ്ക്കുക. പാത്രത്തില്‍ പറ്റിപ്പിടിച്ച ഏത് കഠിനമായ കറയും നിമിഷങ്ങള്‍ കൊണ്ട് തന്നെ ഇളകുന്നത് കാണാം.

Related Articles

Back to top button