രണ്ടു വർഷത്തെ പ്രണയം, വീണ്ടുമൊരു ട്രാൻസ്ജെൻഡർ വിവാഹം- വേദിയായത് കേരളം
വീണ്ടുമൊരു ട്രാൻസ്ജെൻഡർ വിവാഹത്തിന് വേദിയായിരിക്കുകയാണ് കേരളം. ഇടുക്കി നെടുങ്കണ്ടം സ്വദേശി രശ്മിയും എറണാകുളം ഇരുമ്പനം സ്വദേശി സാജുവുമാണ് വിവാഹിതരായത്. നീണ്ട രണ്ടു വർഷത്തെ പ്രണയത്തിന് ഒടുവിലാണ് ഇരുവരും ഒന്നിച്ചത്. ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെയാണ് ഇരുവരും കുടുംബജീവിതത്തിൽ ഒന്നിക്കുന്നത്.സ്റ്റാർ മേക്കർ എന്ന ഓൺലൈൻ ആപ്ലിക്കേഷനിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. പരിചയം സൗഹൃദമാകുകയും പിന്നീട് പ്രണയം തുറന്നു പറയുകയുമായിരുന്നു. തുടക്കത്തിൽ വീട്ടുകാരെ പറഞ്ഞുമനസിലാക്കാൻ സമയമെടുത്തെങ്കിലും പിന്നീട് തങ്ങളുടെ ഇഷ്ടം മനസിലാക്കി അവരും കൂടെ നിൽക്കുകയായിരുന്നുവെന്ന് ഇവർ പറയുന്നു. എല്ലാവരുടെയും സമ്മതത്തോടെയും അനുഗ്രഹത്തോടെയുമാണ് ഇരുവരും വിവാഹവേദിയിൽ എത്തിയത്. സാജു വെൽഡിംഗ് തൊഴിലാളിയും രശ്മി ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയുടെ ഹോസ്റ്റലിൽ മാനേജറുമാണ്.